റായ്പൂര്‍: ഛത്തീസ്ഗഡില്‍ ഗ്രാമീണരെ ലക്ഷ്യമിട്ട് കമ്മ്യൂണിസ്റ്റ് ഭീകരര്‍. പോലീസിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ച് നാല് ഗ്രാമവാസികളെ കമ്മ്യൂണിസ്റ്റ് ഭീകരര്‍ വധിച്ചു. ബിജാപൂരിലാണ് സംഭവം.
കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ക്കിടെയാണ് നാല് പേരെയും കമ്മ്യൂണിസ്റ്റ് ഭീകരര്‍ വധിച്ചത്. ഗംഗലൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ദുമ്രി-പാല്‍നര്‍ ഗ്രാമത്തിലെ വനമേഖലയില്‍ വെച്ചാണ് ഭീകരര്‍ കൃത്യം നടത്തിയതെന്ന് ബസ്തര്‍ റേഞ്ച് ഐജി പി. സുന്ദര്‍ രാജ് അറിയിച്ചു.
ഗ്രാമത്തിലെ വികസന പ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്ന ആളുകളെ വിളിച്ചു വരുത്തിയ ശേഷമാണ് കമ്മ്യൂണിസ്റ്റ് ഭീകരര്‍ നാല് പേരെ വധിച്ചത്. വനമേഖലയിലേക്കുള്ള റോഡ് നിര്‍മ്മാണത്തെ പിന്തുണക്കുന്നവരെയാണ് ഭീകരര്‍ പ്രധാനമായും ലക്ഷ്യമിട്ടത്. പൂനംസന്നു, ഗോര്‍ സന്നു, ആയ്ടു, ഭുസ്‌കു എന്നിവരെയാണ് ഭീകരര്‍ വധിച്ചത്.
നാല് പേരെ വധിച്ചതിനു പുറമെ ഗ്രാമീണരായ മറ്റു ചിലരെ കമ്മ്യൂണിസ്റ്റ് ഭീകരര്‍ മര്‍ദ്ദിച്ചതായും വിവരമുണ്ട്. കൊലപാതക വിവരം പുറത്തറിഞ്ഞതോടെ സുരക്ഷാ സേന മേഖലയിലെത്തി പരിശോധന നടത്തി. വെള്ളിയാഴ്ച രാത്രിയും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പോലീസിന്റെ ചാരന്‍മാരാണെന്ന് ആരോപിച്ച് രണ്ട് പേരെയാണ് ഭീകരര്‍ വധിച്ചത്.
إرسال تعليق