ഫസ്‌റ്റ്‌‌ ഗിയറിട്ട്‌ ഡ്രൈവിങ്‌ സ്‌കൂളുകൾ; പരിശീലനം തുടങ്ങി

ആലപ്പുഴ> സീറ്റ് ബെൽറ്റിട്. ബ്രേക്ക് ചവിട്ടി ഹാൻഡ് ബ്രേക്ക് അയക്ക്. ക്ലെച്ച് അമർത്തി ഫസ്റ്റ് ഗിയറിട്. മെല്ലേ ക്ലച്ചിൽനിന്ന് കാലെടുത്ത് ആക്സിലറേറ്റർ കൊടുക്ക്. കോവിഡിന് മുമ്പ് നിരത്തുകളിലൂടെ ഉരുണ്ടിരുന്ന ‘എൽ’പതിച്ച വാഹനങ്ങളിലെ സ്ഥിരം സംഭാഷണമാണിത്. ഡ്രൈവിങ് സ്കൂൾ അധ്യാപകരുടെ ജീവിതം തുടങ്ങുന്നതും ഈ വാക്കുകളിൽനിന്ന്. ആറുമാസമായി അടഞ്ഞുകിടന്ന ഡ്രൈവിങ് സ്കൂളുകൾ നിയന്ത്രണങ്ങളോടെ തിങ്കളാഴ്ച വീണ്ടും പ്രവർത്തനമാരംഭിക്കുകയാണ്. വരുമാനമാർഗം തുറന്നുകിട്ടിയ സന്തോഷത്തിലാണ് ഡ്രൈവിങ് സ്കൂൾ ഉടമകളും ജീവനക്കാരും.
ഒന്നും ചെയ്യാനാകാതെ ആറുമാസം
വരുമാനം നിലച്ചിട്ട് ആറുമാസമായി. ഡ്രൈവിങ് സ്കൂളുകളുടെ ഉത്തരവാദിത്തമുള്ളതുകൊണ്ട് മറ്റ് ബിസിനസിലേക്ക് തിരിയാനും പറ്റിയില്ല. ഒരുപാട് കുട്ടികളിൽനിന്ന് നേരത്തെ പണം സ്വീകരിച്ചിരുന്നു. 10,000 രൂപവരെ കെട്ടിട വാടകയുള്ള ഡ്രൈവിങ് സ്കൂളുകളുണ്ട്. വാഹനത്തിന്റെ സിസി മുടങ്ങിയ ബുദ്ധിമുട്ട് വേറെയും. പ്രത്യേകം ക്ലച്ചും ബ്രേക്കും ഘടിപ്പിച്ച വാഹനങ്ങൾ ആരും വാങ്ങില്ല. വിൽക്കണമെങ്കിൽ പേപ്പർ ജോലികൾക്കായി വീണ്ടുംനടക്കണം. വാട്ടർ പമ്പ് പ്രവർത്തിക്കുന്നില്ല, ബാറ്ററി ഡൗണാകുന്നു, ബ്രേക്ക് കടിച്ചിരിക്കുക തുടങ്ങി കാറുകൾക്ക് നിരവധി തകരാർ. വാഹനം ഓടിക്കാത്തതിന്റെ പ്രശ്നങ്ങൾ ഒരുപാടുണ്ട്. ലേണേഴ്സ് ലൈസൻസിനായി വരുന്നവരോട് പഠിപ്പിക്കുന്നതിനുള്ള ഫീസുകൂടി നേരത്തെ വാങ്ങിയാണ് ഡ്രൈവിങ് സ്കൂളുകാർ പിടിച്ചുനിന്നത്. ഡ്രൈവിങ് സ്കൂളുകൾ തേടിയെത്തുന്ന കുട്ടികളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്.
സുരക്ഷ തന്നെ പ്രധാനം
ലോക്ക്ഡൗണിനുമുമ്പ് ലേണേഴ്സ് ലൈസൻസ് എടുത്തവർക്കും ടെസ്റ്റിൽ പരാജയപ്പെട്ടവർക്കും മാത്രമാണ് ആദ്യഘട്ടത്തിൽ ഡ്രൈവിങ് ടെസ്റ്റിന് അനുമതി. 50 ശതമാനം പേർക്കുമാത്രമാണ് അവസരം. കണ്ടെയ്ൻമെന്റ് സോണുകളിൽ ടെസ്റ്റ് അനുവദിക്കില്ല. പനി, ചുമ എന്നിവയുള്ളവരെയും പ്രവേശിപ്പിക്കില്ല. 65 വയസിന് മുകളിലുള്ളവരെയും ഗർഭിണികളെയും പങ്കെടുപ്പിക്കില്ല. റോഡ് ടെസ്റ്റിൽ ഒരാളെയേ പങ്കെടുപ്പിക്കൂ. മാസ്കും ഫേസ്ഷീൽഡും സാനിറ്റൈസറും നിർബന്ധം.
ഡ്രൈവിങ് പഠിക്കുന്നവർക്കും പരിശീലകർക്കും ഗ്ലൗസ്, മാസ്ക്, ഫേസ്ഷീൽഡ് എന്നിവ നിർബന്ധമാണ്. ഒരുസമയം ഒരാൾക്കുമാത്രമേ പരിശീലനം നൽകാവൂ. ഓരോരുത്തരും വാഹനം ഓടിച്ചശേഷം സ്റ്റിയറിങ്, ഗിയർ ലിവർ, സീറ്റ് ബെൽറ്റ്, ഹാൻഡിൽ, മിറർ, സ്വിച്ച് എന്നിവ അണുവിമുക്തമാക്കണം. എസി ഉപയോഗിക്കരുത്. ഗ്ലാസുകൾ താഴ്ത്തിയിടണം. സാനിറ്റൈസർ വാഹനത്തിൽ സൂക്ഷിക്കണം. ദിവസവും വാഹനം വൃത്തിയാക്കണം.
കോവിഡിന് മുമ്പ് ഒരു എംവിഐയുടെ കീഴിൽ 60 പേരുടെ ടെസ്റ്റായിരുന്നു നടത്തിക്കൊണ്ടിരുന്നത്. ഇനിയത് നേർ പകുതിയാകും. പഴയതടക്കം ലക്ഷക്കണക്കിന് വിദ്യാർഥികൾ ടെസ്റ്റ് കാത്തിരിക്കുന്നുണ്ട്. പരിശീലനത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്ന് മോട്ടോർ വെഹിക്കിൾ വകുപ്പ് അധികൃതർ പറഞ്ഞു.

Post a Comment

أحدث أقدم