
തിരുവനന്തപുരം : ഗതാഗത നിയമലംഘനങ്ങൾക്ക് ഇനി സംസ്ഥാനത്ത് ഇ- ചെലാൻ വഴി പിഴയടയ്ക്കാം. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത സംവിധാനം ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് എന്നീ
അഞ്ച് നഗരങ്ങളിലാണ് നടപ്പിലാക്കുകയെന്ന് പോലീസ് അറിയിച്ചു.
ഇ പോസ് മെഷീൻ മാതൃകയിലുള്ള ചെറിയ ഉപകരണത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് നമ്പര്‍, വാഹനത്തിന്‍റെ നമ്പര്‍ എന്നിവ നല്‍കിയാല്‍ അത് സംബന്ധിക്കുന്ന എല്ലാ വിവരവും ലഭ്യമാകും. നിയമലംഘനം കണ്ടെത്തിയാൽ ഉടമയ്ക്കോ ഡ്രൈവര്‍ക്കോ ഓണ്‍ലൈനായി അപ്പോൾത്തന്നെ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഇന്‍റര്‍നെറ്റ് ബാങ്കിംഗ് സൗകര്യങ്ങള്‍ ഉപയോഗിച്ച് പണം അടയ്ക്കാന്‍ കഴിയും.
പിഴ അടയ്ക്കാന്‍ താത്പര്യമില്ലാത്തവരുടെ കേസ് വെര്‍ച്വല്‍ കോടതിയിലേക്ക് കൈമാറും. തുടര്‍ നടപടി വെര്‍ച്വല്‍ കോടതി സ്വീകരിക്കും. കുറ്റകൃത്യങ്ങളുടെ ഫോട്ടോ, വീഡിയോ എന്നിവയും ഈ സംവിധാനത്തില്‍ ലഭ്യമാകും. വൈകാതെ എല്ലാ ജില്ലകളിലും സംവിധാനം ഏർപ്പെടുത്താനാണ് പോലീസിന്റെ നീക്കം.
പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് സാങ്കേതിക വിദഗ്ദ്ധരുടെ സഹായത്തോടെ പദ്ധതി രൂപകല്‍പന ചെയ്തത്. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്‍ററാണ് സോഫ്റ്റ് വെയര്‍ നിര്‍മ്മിച്ചത്.
إرسال تعليق