ലഖ്നൗ: യു.പി.യിൽ യോഗി ആദിത്യനാഥ് സർക്കാരിനു കീഴിൽ മുസ്ലിങ്ങൾ നേരിടുന്ന അതിക്രമങ്ങൾക്കെതിരേ സംസാരിച്ച ഡോ. കഫീൽ ഖാൻ വൈകാതെ രാഷ്ട്രീയത്തിലിറങ്ങിയേക്കും. ജയിൽമോചിതനായശേഷം കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ ജയ്പുർ താമസത്തിനായി തിരഞ്ഞെടുത്തതും അദ്ദേഹം കോൺഗ്രസിലേക്കെന്ന്് സൂചനനൽകുന്നു. പൗരത്വനിയമഭേദഗതിക്കെതിരേ പ്രസംഗിച്ചതിന് യു.പി. സർക്കാർ ദേശീയ സുരക്ഷാ നിയമപ്രകാരം ജയിലിലടച്ച ഖാനെ അലഹാബാദ് ഹൈക്കോടതി ഉത്തവുപ്രകാരം കഴിഞ്ഞദിവസം മോചിപ്പിച്ചിരുന്നു. ജീവിതം ദുഷ്കരമായ സമയത്ത് എ.ഐ.സി.സി. ജനറൽ െസക്രട്ടറി പ്രിയങ്കാഗാന്ധിയാണ് തന്നെ പിന്തുണച്ചതെന്ന് ജയിലിൽനിന്ന് മോചിതനായശേഷം അദ്ദേഹം പറഞ്ഞിരുന്നു. കോൺഗ്രസ് നേതൃത്വവും കഫീൽഖാനോട് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. 2022-ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ മുസ്ലിം മുഖമാകാൻ കഫീലിന് കഴിവുണ്ടെന്ന് യു.പി.യിലെ കോൺഗ്രസ് നേതൃത്വവും വിലയിരുത്തുന്നു. ഗോരഖ്പുരിലെ ബി.ആർ.ഡി. മെഡിക്കൽ കോളേജിലെ ഓക്സിജൻ ദുരന്തത്തെത്തുടർന്ന് 2017 ഓഗസ്റ്റിലാണ് ഡോ. കഫീൽഖാൻ ആദ്യം അറസ്റ്റിലായത്. സംഭവത്തിൽ മൂന്ന് ദിവസങ്ങളിലായി 70-ഓളം കുട്ടികളാണ് മരിച്ചത്. വകുപ്പുതല അന്വേഷണത്തിൽ അദ്ദേഹം കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയെങ്കിലും ഖാനെ തിരിച്ചെടുക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.
إرسال تعليق