മലയോരത്ത്‌ കനത്ത മഴ; വനത്തിൽ ഒറ്റപ്പെട്ട ഗർഭിണിക്ക് രക്ഷകരായി ഫയർ ഫോഴ്സ്

എടക്കരെ>മലയോര മേഖലയിൽ കനത്ത മഴ തുടരുന്നതിനിടെ ചാലിയാർ പുഴയിൽ കുത്തൊഴുക്കിനെ തുടർന്ന് വനത്തിൽ ഒറ്റപ്പെട്ട ഗർഭിണിയായ ആദിവാസി യുവതിയെ ഫയർഫോഴ്സ് ആശുപത്രിയിലെത്തിച്ചു.
പോത്ത്കല്ല് പഞ്ചായത്തിലെ മുണ്ടേരി തരിപ്പപ്പൊട്ടി കോളനിയിലെ സുനിലിന്റെ ഭാര്യ കാഞ്ചന (20)യെയാണ് നിലമ്പൂർ ഫയർ ആൻഡ് റെസ്ക്യൂവിന്റെ നേതൃത്വത്തിൽ ചാലിയറിലൂടെ റബർ ഡിങ്കിയിൽ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്കെത്തിച്ചത്. വെള്ളിയാഴ്ച പകൽ 2.45നാണ് കലക്ടറേറ്റിൽനിന്ന് ഫയർഫോഴ്സിന് വിവരം ലഭിച്ചത്. 3.30ന് ഫയർഫോഴ്സ്, പോത്ത്കല്ല് പൊലീസ്, ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ചർ എന്നിവരെത്തി രക്ഷാപ്രവർത്തനം തുടങ്ങി.
ഗർഭിണിയെ ആശുപത്രിയിലെത്തിക്കാൻ കഴിയാതെ ചാലിയാറിനക്കരെ കുടുങ്ങിയെന്നാന്ന് വിവരം ലഭിച്ചത്. രക്തസ്രാവം വന്ന് ആശുപത്രിയിൽ പോകാൻ കഴിയാതെ വനത്തിലെ കോളനിയിൽ കഴിയുകയായിരുന്നു. ചാലിയാർ പുഴയിലെ ഇരുട്ടുകുത്തി കടവിൽ താൽക്കാലിക തൂക്കുപാലം കഴിഞ്ഞമാസം കനത്ത മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയതാണ്. കനത്ത മഴ തുടരുന്നതിനാൽ വെള്ളിയാഴ്ച രാവിലെ മുതൽ ചാലിയാറിൽ കുത്തൊഴുക്കായിരുന്നു.
പുഴയ്ക്ക് കുറുകെ വടംകെട്ടി അതിസാഹസികമായാണ് പുഴയിലൂടെ പാറക്കെട്ടുകൾക്കിടയിലൂടെ, കുത്തൊഴുക്ക് മറികടന്ന് രക്ഷാപ്രവർത്തനം നടത്തിയത്. നാലരയോടെ ആംബുലൻസിൽ യുവതിയെ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചു. നിലമ്പൂർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ എം അബ്ദുൾ ഗഫൂർ, പോത്ത്കല്ല് എസ്ഐ അബ്ബാസ്, ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ചർ ശശികുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Post a Comment

أحدث أقدم