ഉംറ തീര്‍ഥാടനം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഇതുവരെ അനുവദിച്ചത് 1,08,041 അനുമതി പത്രം

മക്ക: 
ഒക്ടോബര്‍ 4 മുതല്‍ ഉംറ പുനരാരംഭിക്കുന്നത്തിന്റെ ഭാഗമായി കൊവിഡ് 19 പ്രോട്ടോകോള്‍ പാലിച്ച് തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ മുഴുവന്‍ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായതായി ഇരുഹറം കാര്യമന്ത്രാലയം അറിയിച്ചു. ആദ്യ ഘട്ടത്തില്‍ 1,000 പേര്‍ വീതമുള്ള സംഘങ്ങളായാണ് തീര്‍ഥാടകര്‍ ഹറമിലെത്തുക. ആദ്യസംഘം ഞായറാഴ്ച രാവിലെ 6 മണിക്ക് ഹറമിലെത്തിച്ചേരും.

ആഭ്യന്തര തീര്‍ത്ഥാടകരില്‍ നിന്നും ഉംറ നിര്‍വ്വഹിക്കുന്നതിനായി ‘ഇഅ്തമര്‍നാ’ ആപ്ലിക്കേഷന്‍ വഴി അപേക്ഷ നല്‍കിയവരില്‍ നിന്ന് 1,08,041 പേർക്കാണ് ഓണ്‍ലൈന്‍ അനുമതി പത്രം അനുവദിച്ചത്. ഇവരില്‍ 42,873 അപേക്ഷകര്‍ സ്വദേശികളും 65,128 അപേക്ഷകര്‍ രാജ്യത്ത് കഴിയുന്ന വിദേശികളുമാണ്. 3,09,686 പേരാണ് ഉംറ നിര്‍വഹിക്കുന്നതിനായി അപേക്ഷ നല്‍കിയത്.

ഓരോ തീര്‍ത്ഥാടകര്‍ക്കും ഉംറ നിര്‍വഹിക്കാന്‍ മൂന്ന് മണിക്കൂര്‍ വീതം സമയമാണ് അനുവദിച്ചിരിക്കുന്നതെന്നും, അസര്‍ നമസ്‌കാരം മുതല്‍ മഗ്രിബ് നമസ്‌കാരം വരെയുള്ള സമയങ്ങളില്‍ ഉംറ നിര്‍വഹിക്കുന്നതിന് അനുമതിയില്ലെന്നും ഈ സമയങ്ങളില്‍ ശുചീകരണ-അണുനശീകരണ ജോലികളാണ് നടത്തുകയെന്നും മന്ത്രാലയം അറിയിച്ചു.

Post a Comment

أحدث أقدم