ആരോഗ്യ സർവകലാശാലയിൽ 28 പുതിയ കോഴ്‌സുകൾ ; ഗവേണിങ്‌ ബോഡി 17ന്‌



സംസ്ഥാനത്തെ ആതുര സേവന മേഖലയ്ക്ക് കൂടുതൽ കരുത്തേകുന്ന 28 പുതിയ കോഴ്സുകൾ ആരോഗ്യ സർവകലാശാല ആരംഭിക്കും. മെഡിക്കൽ, ആയുർവേദ, ഡെന്റൽ, അലൈഡ് ഹെൽത്ത് സയൻസ്, നേഴ്സിങ്, ഹോമിയോപ്പതി, ഫാർമസി വിഭാഗങ്ങളിലാണ് പുതിയ കോഴ്സുകൾ. അക്കാദമിക് കൗൺസിൽ അംഗീകരിച്ച കോഴ്സുകളും സിലബസും 17ന് ചേരുന്ന ഗവേണിങ് ബോഡി പരിഗണിക്കും. കാലാനുസൃതമായ കോഴ്സുകളുടെ സാധ്യതപരിശോധിക്കാനും ആവിഷ്കരിക്കാനും ആരോഗ്യ മന്ത്രി കെ കെ ശൈലജ ആരോഗ്യ സർവകലാശാലയോട് അഭ്യർഥിച്ചിരുന്നു. തുടർന്നാണ് വിസി ഡോ. മോഹനൻ കുന്നുമ്മലിന്റെ നേതൃത്വത്തിൽ പുതിയ കോഴ്സുകൾ ഡിസൈൻ ചെയ്തത്.

പുതിയ കോഴ്സുകൾ : മെഡിക്കൽ–- ഡിഎം ഓങ്കോപതോളജി, ഡി എം ഇൻഫെക്ഷിയസ് ഡിസീസസ്. ആയുർവേദ–- സ്പോർട്സ് മെഡിസിൻ എംഫിൽ , ട്രാൻസാക്ഷണൽ എംഎഫിൽ, വൃക്ഷ ആയുർവേദ പിജി ഡിപ്ലോമ, മൃഗ ആയുർവേദ പിജി ഡിപ്ലോമ, വിദേശപൗരന്മാർക്ക് സർട്ടിഫിക്കറ്റ് കോഴ്സ്, രചനശരീര എംഡി ഡെന്റൽ വിഭാഗത്തിൽ ഡെന്റൽ മെറ്റീരിയൽസിൽ പിജി ഡിപ്ലോമ കോഴ്സ് ആരംഭിക്കും.

അലൈഡ് ഹെൽത്ത് സയൻസിൽ 11 പുതിയ കോഴ്സുകൾ ഉണ്ട്. കാർഡിയോ വാസ്കുലാർ ടെക്നോളജി (എംസിവിടി), ബാച്ചിലർ ഓഫ് ഓപ്പറേഷൻ തിയറ്റർ ടെക്നോളജി, ഹെൽത്ത് കെയർ കൗൺസലിങ്ങിൽ പിജി ഡിപ്ലോമ, മെഡിക്കൽ എത്തിക്സിൽ പിജി ഡിപ്ലോമ, റിസർച്ച് മെത്തഡോളജിയിൽ പിജി ഡിപ്ലോമ, ബയോ മെഡിക്കൽ വേസ്റ്റ് ഡിസ്പോസലിൽ പിജി, ബിഎസ്സി മെഡിക്കൽ റേഡിയോതെറാപ്പി ടെക്നോളജി, ബിഎസ്സി റേഡിയോഡയഗ്നോസ്റ്റിക് ടെക്നോളജി, ബിഎസ്സി ന്യൂറോ ടെക്നോളജി എന്നിവയാണ് പുതിയ കോഴ്സുകൾ. നേഴ്സിങ് വിഭാഗത്തിൽ ഹെൽത്ത് കെയർ ന്യൂട്രീഷ്യൻ, ഫോറൻസിക് നേഴ്സിങ്, മിഡ്വൈഫറി എന്നിവയിൽ പിജി ഡിപ്ലോമ കോഴ്സുകൾ വരും.

ഹോമിയാപ്പതിയിൽ ഫാർമസി, പീഡിയാട്രിക്സ് എന്നിവയും ഫാർമസി വിഭാഗത്തിൽ ഫാർമസ്യൂട്ടിക്കൽ റെഗുലേറ്ററി അഫയേഴ്സ്, ഇൻഡസ്ട്രിയൽ ഫാർമസി, പാരാമെഡിക്കൽ ക്വാളിറ്റി അഷ്വറൻസ് എന്നിവയിൽ എംഫാം കോഴ്സുകളുമാണ് ആരംഭിക്കുന്നത്.


Post a Comment

أحدث أقدم