ബാബരി മസ്ജിദ് കേസ് തനിക്ക് നൽകിയത് ഉറക്കമില്ലാത്ത രാവുകളായിരുന്നുവെന്ന് കേസിൽ വിധി പറഞ്ഞ ന്യായാധിപൻ ജസ്റ്റിസ് സുരേന്ദ്രകുമാർ യാദവ്. ‘ദി പ്രിന്റ്’ എന്ന ഓൺലൈൻ മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ന്യായാധിപൻ മനസ് തുറന്നത്.
“ഈ കേസ് മറ്റ് കേസുകളെപ്പോലെയായിരുന്നില്ല. പരിശോധിക്കാൻ വളരെയധികം രേഖകളും വിസ്തരിക്കാൻ ആയിരക്കണക്കിന് സാക്ഷികളും അടങ്ങിയ ഈ കേസ് വളരെ സങ്കീർണ്ണമായിരുന്നു. രാഷ്രീയനിറങ്ങളുള്ളതും അതിവൈകാരികത നിറഞ്ഞതുമായ ഈ കേസ് എന്റെ നിയമ ഔദ്യോഗികജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു.”
ജസ്റ്റിസ് യാദവ് പറഞ്ഞു.
അയോധ്യയിലെ വിചാരണക്കോടതി ജഡ്ജിയായി 1990-ലാണ് ജസ്റ്റിസ് യാദവ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 1992-ൽ ബാബരി മസ്ജിദ് തകർക്കപ്പെടുമ്പോൾ അദ്ദേഹം ആ നഗരത്തിലുണ്ടായിരുന്നു. ബാബരി മസ്ജിദ് കേസിലെ 32 പ്രതികളെയും വെറുതെവിട്ടുകൊണ്ടുള്ള വിധിന്യായം പുറപ്പെടുവിച്ചുകൊണ്ട് അദ്ദേഹം ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുകയായിരുന്നു.
“ഒരു ന്യായാധിപൻ തീരുമാനമെടുക്കുന്നത് പൂർണ്ണമായും തന്റെ മുന്നിലെത്തുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ്. പത്രങ്ങളോ ജനങ്ങളോ എന്ത് ചിന്തിക്കുന്നു എന്നതിന് അവിടെ പ്രസക്തിയില്ല. നിയമം എന്താണ് അനുശാസിക്കുന്നത് എന്നതിനെ മാത്രം അടിസ്ഥാനമാക്കി എല്ലാ വശങ്ങളും സൂക്ഷമമായി പരിശോധിക്കുകയാണ് ഞങ്ങൾ ചെയ്യുക. അതുതന്നെയാണ് ഈ കേസിന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്.”
അദ്ദേഹം പറഞ്ഞു.
മുപ്പത് ദിവസങ്ങൾ കൊണ്ടാണ് ബാബരി മസ്ജിദ് തകർത്ത കേസിലെ വിധിന്യായം എഴുതി പൂർത്തിയാക്കിയതെന്ന് അദ്ദേഹം പറയുന്നു. അത് ഉറക്കമില്ലാത്ത രാവുകളായിരുന്നു. രേഖകളും തെളിവുകളും വീണ്ടും വീണ്ടും പരിശോധിച്ചു. അതിന് ശേഷമാണ് താൻ ഒരു നിഗമനത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
“പൊതുജനാഭിപ്രായം എന്തുതന്നെയായാലും ഞാൻ എല്ലാ രേഖകളും അവസാനനിമിഷം വരെയും പരിശോധിച്ചിരുന്നു. 351 സാക്ഷികളുടെ മൊഴീകളും ഞാൻ വീണ്ടും വീണ്ടും വായിച്ചു. ഉറക്കത്തിൽപ്പോലും ഞാൻ രേഖകളും മൊഴികളും കേൾക്കുന്ന അവസ്ഥയിലായിരുന്നു. ഈ കേസ് എനിക്ക് നൽകിയത് ഉറക്കമില്ലാത്ത രാവുകളായിരുന്നു.”
ജസ്റ്റിസ് യാദവ് പറഞ്ഞു.
രേഖകളുടെ ബാഹുല്യമായിരുന്നു ഏറ്റവും വലിയ വെല്ലുവിളിയെന്ന് അദ്ദേഹം പറയുന്നു. വീഡിയോകൾ, ശബ്ദരേഖകൾ, ചിത്രങ്ങൾ, ന്യൂസ്പേപ്പർ കട്ടിംഗുകൾ, സാക്ഷിമൊഴികൾ, നൂറുകണക്കിന് പേജുകളുള്ള വാദങ്ങളുടെ രേഖകൾ എല്ലാം ഇതിൽ ഉൾപ്പെടും. ഇതെല്ലാം നിക്ഷ്പക്ഷമായി പരിശോധിച്ച് നിഗമനത്തിലെത്തുക എന്നതായിരുന്നു പ്രധാന വെല്ലുവിളിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
“അത് നിരവധി തലങ്ങളുള്ള വിപുലമായ ഒരു കേസായിരുന്നു. ഏകദേശം മൂന്ന് ദശാബ്ദങ്ങൾക്ക് മുൻപ് നടന്ന സംഭവമാണത്. എനിക്ക് ഇതെല്ലാം പരിശോധിച്ച് വിധി പ്രസ്താവിക്കാൻ കഴിയുമെന്ന് ഞാൻ ശരിക്കും വിചാരിച്ചിരുന്നില്ല. അഞ്ചുവർഷവും 36 ദിവസവും ഞാൻ ഈ കേസ് കോടതിയിൽ കേട്ടു. അവസാനം ഒരു യുക്തിഭദ്രമായ നിഗമനത്തിലെത്താൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്.”
അദ്ദേഹം പറഞ്ഞു.
1992 ഡിസംബർ ആറിനാണ് ബാബരി മസ്ജിദ് തകർത്തത്. 27 കൊല്ലം പഴക്കമുള്ള ക്രിമിനൽ കേസിൽ ബിജെപിയുടെ മുതിർന്ന നേതാക്കളായ എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി, കല്യാൺ സിങ്, ഉമാഭാരതി എന്നിവരടക്കം 32 പേരായിരുന്നു പ്രതികൾ. 32 പ്രതികളെയും വെറുതെവിട്ട പ്രത്യേക സിബിഐ കോടതി ജഡ്ജി സുരേന്ദ്ര കുമാർ യാദവ് ബാബറി മസ്ജിദ് മുൻകൂട്ടി ആസൂത്രണം ചെയ്തു തകർത്തതല്ലെന്നും പെട്ടെന്ന് സംഭവിച്ചതാണെന്നും കുറ്റക്കാർക്കെതിരെ ശക്തമായ തെളിവില്ലെന്നുമായിരുന്നു കണ്ടെത്തിയത്. കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും കോടതി വിമർശിച്ചു. ആൾക്കൂട്ടത്തെ തടയാനാണ് നേതാക്കൾ ശ്രമിച്ചത്. സ്ഥലത്ത് ഒട്ടേറെപ്പേരുണ്ടായിരുന്നു. അവരിൽ ആരെങ്കിലുമാകാം കുറ്റക്കാരെന്നും കോടതി പറഞ്ഞു.
إرسال تعليق