മുന്നാക്ക സംവരണം:ഇടതുസര്‍ക്കാര്‍ ഹിന്ദുത്വ അജണ്ടകളുടെ പരോക്ഷ വക്താക്കളായി മാറുന്നു:പോപുലര്‍ ഫ്രണ്ട്

കോഴിക്കോട്: 
സാമ്പത്തിക പിന്നാക്കാവസ്ഥയുടെ മറവില്‍ സമസ്ത മേഖലയിലും സവര്‍ണ സംവരണം വ്യാപിപ്പിക്കുന്ന ഇടതുസര്‍ക്കാര്‍ ഹിന്ദുത്വ അജണ്ടകളുടെ പരോക്ഷ വക്താക്കളായി മാറുകയാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍. പിന്നാക്ക സമുദായ സംവരണം കൊണ്ട് ഭരണഘടന വിഭാവനം ചെയ്യുന്ന സാമൂഹ്യനീതി സങ്കല്‍പ്പത്തെ അട്ടിമറിക്കുക വഴി, ഇടതുസര്‍ക്കാര്‍ പിന്നാക്ക ജനവിഭാഗങ്ങളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 
ഹയര്‍സെക്കണ്ടറി, പ്രഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍ സവര്‍ണ സംവരണം നടപ്പാക്കിയതിലൂടെ പിന്നാക്ക സമുദായങ്ങള്‍ക്ക് ലഭിക്കേണ്ട അര്‍ഹമായ അവസരങ്ങള്‍ കവര്‍ന്നെടുക്കാനുള്ള സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടത്. 50 ശതമാനം മെറിറ്റില്‍ ഒതുങ്ങി നില്‍ക്കേണ്ട മുന്നാക്ക സംവരണം മുഴുവന്‍ സീറ്റുകള്‍ക്കും ബാധകമാക്കിയ സവര്‍ണ ഉദ്യോഗസ്ഥ ലോബി സര്‍ക്കാര്‍ ഉത്തരവ് അട്ടിമറിച്ചതോടെ, സംവരണ വ്യവസ്ഥ അപ്പാടെ തകിടം മറിഞ്ഞിരിക്കുകയാണ്. തികച്ചും വഞ്ചനാപരമായ ഇത്തരം നടപടികള്‍ക്കെതിരേ പിന്നാക്ക സമുദായ സംഘടനകളില്‍ നിന്നുയര്‍ന്ന ശക്തമായ പ്രതിഷേധത്തെ അവഗണിച്ചുകൊണ്ടാണ് ഉദ്യോഗമേഖലയിലും മുന്നാക്ക സംവരണം നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഭരണഘടനാ ഭേദഗതിക്കു മുമ്പേ ദേവസ്വം ബോര്‍ഡില്‍ സാമ്പത്തിക സംവരണം നടപ്പാക്കി സവര്‍ണ പ്രീണനത്തിന്റെ കാര്യത്തില്‍ സംഘപരിവാരത്തിനും മുമ്പേ നടന്നവരാണ് കേരളത്തിലെ ഇടതുപക്ഷം. സാമ്പത്തിക സംവരണം സംബന്ധിച്ച ഭരണഘടനാ ഭേദഗതിക്കെതിരേ സുപ്രീംകോടതിയില്‍ കേസ് നിലനില്‍ക്കുന്നതു പോലും പരിഗണിക്കാതെയാണ് ഉദ്യോഗ മേഖലയിലെ സവര്‍ണ സംവരണ നീക്കവുമായി ഇടതുപക്ഷം മുന്നോട്ടുപോകുന്നത്. 

സാമ്പത്തിക പിന്നാക്കാവസ്ഥ മുന്നാക്ക, പിന്നാക്ക വ്യത്യാസമില്ലാതെ പരിഹരിക്കേണ്ട പ്രശ്‌നമാണ്. സാമ്പത്തിക പിന്നാക്കാവസ്ഥയ്ക്ക് പരിഹാരമായി സമുദായ സംവരണം ഉയര്‍ത്തിക്കാട്ടുന്നത്, സംവരണ വിരുദ്ധരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ്. അധികാര, വിദ്യാഭ്യാസ മേഖലകളില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെട്ടതു മൂലം മതിയായ പ്രാതിനിധ്യം ലഭിക്കാതെ പോയ ജനവിഭാഗങ്ങൾക്ക് സാമൂഹ്യനീതി ലഭ്യമാക്കുകയാണ് പിന്നാക്ക സമുദായ സംവരണത്തിലൂടെ വിഭാവനം ചെയ്തിട്ടുള്ളത്. ഈ അടിസ്ഥാന തത്വത്തിനെതിരായ നീക്കങ്ങളാണ് ഇടതുപക്ഷം തിടുക്കപ്പെട്ട് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. സാമ്പത്തിക പിന്നാക്കാവസ്ഥയുടെ പേരില്‍ സാമുദായിക സംവരണത്തിനു തുരങ്കം വയ്ക്കുന്ന ഇടതുപക്ഷത്തെ രാജ്യത്ത് നടന്ന സാമൂഹ്യ പരിഷ്‌കരണ മുന്നേറ്റങ്ങളുടെ ഒറ്റുകാരായാവും ചരിത്രം രേഖപ്പെടുത്തുക. 
പിന്നാക്ക സമുദായങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ തകിടം മറിക്കാനുള്ള ഗൂഢാലോചനക്ക് ചൂട്ടുപിടിക്കുന്ന ഇടതുസര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരേ, സാമൂഹ്യനീതിക്കുവേണ്ടി നിലകൊള്ളുന്ന മുഴുവന്‍ ജനവിഭാഗങ്ങളും ഐക്യപ്പെടേണ്ട സന്ദര്‍ഭമാണിതെന്നും സി പി മുഹമ്മദ് ബഷീര്‍ കൂട്ടിച്ചേര്‍ത്തു.

Post a Comment

أحدث أقدم