സൈബർ ആക്രമണം തടയാനുള്ള പോലീസ് നിയമഭേദഗതിക്ക് അംഗീകാരം
തിരുവനന്തപുരം:
സൈബർ ആക്രമണങ്ങൾ തടയാൻ സംസ്ഥാന സർക്കാർ കൊണ്ടുവന്ന പോലീസ് നിയമ ഭേദഗതി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചു. പോലീസ് നിയമത്തിൽ 118-എ എന്ന വകുപ്പ് കൂട്ടിച്ചേർത്തതാണ് ഭേദഗതി. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്താനോ അപമാനിക്കാനോ അപകീർത്തിപ്പെടുത്താനോ ഉദ്ദേശിച്ച് ഏതെങ്കിലും വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിർമിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് തടയുന്നതാണ് വകുപ്പ്. അഞ്ചുവർഷംവരെ തടവോ 10,000 രൂപവരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ വിധിക്കാനുള്ള വ്യവസ്ഥയാണ് വകുപ്പിലുള്ളത്. 2000-ലെ ഐ.ടി. ആക്ടിലെ 66-എ വകുപ്പും 2011-ലെ കേരള പോലീസ് ആക്ടിലെ 118 (ഡി) വകുപ്പും അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്നുകണ്ട് സുപ്രീംകോടതി റദ്ദാക്കിയിരുന്നു.
ഇതിനുപകരം മറ്റു നിയമ വ്യവസ്ഥകളൊന്നും കേന്ദ്ര സർക്കാർ കൊണ്ടുവന്നിട്ടില്ല. ഇത് പോലീസിന് സൈബർ ആക്രമണങ്ങൾ നേരിടാൻ കഴിയാത്ത സാഹചര്യമുണ്ടാക്കിയെന്ന വിലയിരുത്തലിനെത്തുർന്നാണ് ഭേദഗതി. നിയമഭേദഗതി പോലീസിന് അമിതാധികാരം നൽകുന്നതിനൊപ്പം മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന ആക്ഷേപം ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഗവർണർക്ക് പരാതികൾ ലഭിച്ചിരുന്നു.
വിദഗ്‌ധരുമായി ചർച്ചനടത്തിയാണ് ഗവർണർ ഓർഡിനൻസിൽ ഒപ്പിട്ടതെന്നാണ് വിവരം.മന്ത്രിസഭ അംഗീകരിച്ച ഓർഡിനൻസിൽ ഗവർണർ ഒപ്പിടാൻ വൈകിയത് സർക്കാർതലത്തിൽ ആശങ്കയുണ്ടാക്കിയിരുന്നു. ആഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് ഭേദഗതിയെന്ന ആക്ഷേപങ്ങളുയർന്ന പശ്ചാത്തലത്തിൽ ഓർഡിനൻസ് തിരിച്ചയക്കുമോയെന്നായിരുന്നു ആശങ്ക
إرسال تعليق