ഉത്തർ പ്രദേശിൽ ബൊലേറോ ട്രക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ ആറ് കുട്ടികൾ ഉൾപ്പെടെ 14 പേർക്ക് ദാരുണാന്ത്യം. പ്രതാപ്ഗഢിലെ ഇനാര ഗ്രാമത്തിനു സമീപം പ്രയാഗ്രാജ്- ലഖ്നൗ ദേശീയപാതയിലാണ് അപകടമുണ്ടായത്. ടയർ പഞ്ചർ ആയതിനെ തുടർന്ന് പാതയോരത്ത് നിർത്തിയിട്ടിരുന്ന ട്രക്കിന്റെ പിന്നിലേക്ക് ബൊലേറോ ഇടിച്ചു കയറുകയായിരുന്നു. ബൊലേറോയിൽ ഉണ്ടായിരുന്ന മുഴുവൻ പേരും മരിച്ചു. വ്യാഴാഴ്ച രാത്രി 11.45 ഓടെ ആയിരുന്നു അപകടം. ബൊലേറോയിലെ യാത്രികർ ഒരു വിവാഹത്തിൽ പങ്കെടുത്ത ശേഷം കുന്ദയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. ഏഴിനും 15നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ച കുട്ടികൾ. അപകടത്തിൽ ജീവൻ നഷ്ടമായ മറ്റുള്ളവർ 20നും അറുപതിനും ഇടയിൽ പ്രായമുള്ള പുരുഷന്മാരാണ്. മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം വെള്ളിയാഴ്ച നടത്തും.
إرسال تعليق