ബിനീഷ് കോടിയേരിയുടെ വീട്ടിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ് പൂര്‍ത്തിയായി. പത്തുമണിക്കൂര്‍ നീണ്ടു നിന്ന ഇഡി റെയ്ഡിനിടെ ബിനീഷിന്റെ വീട്ടിൽ ചില നാടകീയ രംഗങ്ങള്‍. റെയ്ഡിൽ കണ്ടെത്തിയ രേഖകള്‍ സംബന്ധിച്ച് ഇഡിയും ബിനീഷിന്‍റെ കുടുംബാംഗങ്ങളും തമ്മില്‍ തര്‍ക്കമുണ്ടായി. രേഖകളിൽ ചിലത് ഇഡി കൊണ്ടുവന്നതാണെന്നും റെയ്‍ഡില്‍ കണ്ടെത്തിയത് അല്ലെന്നുമാണ് കുടുംബത്തിന്‍റെ ആരോപണം. അതുകൊണ്ട് ഒപ്പിടില്ലെന്ന് ബിനീഷ് കോടിയേരിയുടെ ഭാര്യ നിലപാട് എടുത്തതോടെയാണ് കാര്യങ്ങള്‍ നാടകീയ രംഗങ്ങളിലേക്ക് കടന്നത്.
ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു എന്ന് ഇഡി പറയുന്ന രേഖകളില്‍ ചിലത് ഇഡി ഉദ്യോഗസ്ഥര്‍ കൊണ്ടുവന്നതാണ് എന്നാണ് കുടുംബം ആരോപിക്കുന്നത്. മാത്രമല്ല മയക്കുമരുന്ന് കേസില്‍ ബെംഗളൂരുവില്‍ പിടിയിലായ അനൂപ് മുഹമ്മദിന്റെ പേരിലുളള എടിഎം കാര്‍ഡ് ബിനീഷിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തതായാണ് ഇഡി അവകാശപ്പെടുന്നത്.എന്നാല്‍ ഈ എടിഎം കാര്‍ഡ് ഇഡി കൊണ്ടുവന്നതാണ് എന്ന് ബിനീഷിന്റെ കുടുംബം ആരോപിക്കുന്നത്. ഇതേ തുടര്‍ന്നാണ് രേഖകളില്‍ ഒപ്പിടാന്‍ കുടുംബം വിസമ്മതിച്ചത്. ഇതോടെ റെയ്ഡിന് ശേഷവും ഇഡി ഉദ്യോഗസ്ഥര്‍ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ തന്നെ തുടരുകയാണ്. ബിനീഷിന്റെ കുടുംബവും ഇഡി ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കമായതോടെ പ്രമുഖ അഭിഭാഷകനായ മുരുക്കുമ്പുഴ വിജയകുമാര്‍ ഇവിടേക്ക് എത്തി
ഇതിനെ തുടർന്ന് അഭിഭാഷകൻ കണ്ടെത്തിയ രേഖകള്‍ പരിശോധിച്ചു. രേഖകളിൽ നിര്‍ബന്ധിച്ച് ഒപ്പിടുവിക്കരുതെന്ന് അഭിഭാഷകന്‍ നിലപാടെടത്തു. രേഖകള്‍ ഒപ്പിടുന്നതിനു മുമ്പ് അഭിഭാഷകനോട് സംസാരിക്കണമെന്ന് ബിനീഷിന്റെ ഭാര്യ റെനീറ്റ ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ട് റെയ്ഡ് പൂര്‍ത്തിയായിട്ടും ഉദ്യോഗസ്ഥര്‍ക്ക് മടങ്ങാനായില്ല.
ബുധനാഴ്ച, ഇഡി സംഘം ആദ്യം എത്തിയത് ഇടക്കിടെ കോടിയേരി ബാലകൃഷ്ണനും കുടുംബവും താമസിക്കാറുള്ള ബിനീഷ് കോടിയേരിയുടെ മരുതന്‍കുഴിയിലെ വീട്ടിലേക്കാണ്. ആറ് ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ ഒരുക്കാനായി കേന്ദ്ര സേനയും കര്‍ണാടക പൊലീസും തോക്കേന്തി വീടിന് മുന്നില്‍ നിരന്നു. കേരള പൊലീസ് എത്തിയെങ്കിലും ഗേറ്റിനുള്ളിലേക്ക് കയറ്റിയില്ല. വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. അരമണിക്കൂറോളം കാത്ത് നിന്ന സംഘം ബിനീഷിന്റെ ഭാര്യയേയും ബന്ധുക്കളെയും വിളിച്ചുവരുത്തി വീടുതുറന്ന് പരിശോധന തുടങ്ങിയത്.
ഇതേസമയം സ്റ്റാച്യുവിലെ റിയല്‍ എസ്റ്റേറ്റ്, ഫാര്‍മസ്യൂട്ടിക്കല്‍ മാര്‍ക്കറ്റിങ് സ്ഥാപനമായ ടോറസ് റെമഡീസിലും കേശവദാസപുരത്തെ കാര്‍ അക്സസറീസ് സ്ഥാപനമായ കാര്‍ പാലസിലും പട്ടത്തെ കെ.കെ.ഗ്രാനൈറ്റ്സിലും ഇഡി കയറി. ഇവയെല്ലാം ബിനീഷിന്റെ ബെനാമി സ്ഥാപനമെന്നാണ് ഇഡിയുെട സംശയം. കാര്‍ പാലസിന്റെ ഉടമയായ അബ്ദുള്‍ ലത്തീഫിന്റെ വീട്ടിലും ബിനീഷിന്റെ സുഹൃത്തിന്റെ അരുവിക്കരയിലെ വീട്ടിലും പരിശോധന നടത്തി.
സാമ്പത്തിക ഇടപാടുകളാണ് പരിശോധനയുടെ ലക്ഷ്യം. ബിനീഷ് വന്‍ തോതില്‍ ലഹരി ഇടപാടിനും പണം മുടക്കിയിരുന്നെന്ന് ഇഡി വാദിക്കുന്നതിനാല്‍ കണ്ടെടുക്കുന്ന വിവരങ്ങള്‍ അതിനിര്‍ണായകമാണ്. അതിനാലാണ് തിരുവനന്തപുരത്തിനപ്പുറം കണ്ണൂരിലേക്കും പരിശോധന വ്യാപിപ്പിച്ചിരിക്കുന്നത്. ബിസിനസ് പങ്കാളിയായ അനസ് വലിയപറമ്പത്തിന്റെ ധര്‍മടത്തെ വീട്ടിലാണ് പരിശോധന നടത്തിയത്. വീട്ടിനകത്തും പരിസരത്തും പരിശോധിച്ച സംഘം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയിലുള്ള രേഖകള്‍ കണ്ടെടുത്തു. ഇവ ഭാഗീകമായി കത്തിച്ചതായും സൂചനയുണ്ട്. അനസ് സ്ഥലത്തില്ലാത്തതിനാല്‍ അഭിഭാഷകര്‍ എത്തിയെങ്കിലും വീട്ടിലേക്ക് കയറ്റിയില്ല.
إرسال تعليق