ബിജെപി അധികാരത്തില്‍ വന്നാല്‍ പോലീസിനെ കൊണ്ട് ഷൂ നക്കിക്കും; ബിജെപി ഭീഷണി

കൊല്‍ക്കത്ത: 
ബംഗാളില്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും നേര്‍ക്കുനേര്‍ നില്‍ക്കുകയാണ്. മമത ബാനര്‍ജി സര്‍ക്കാരിനെ എന്തുവില കൊടുത്തും അടുത്ത തിരഞ്ഞെടുപ്പില്‍ താഴെയിറക്കുമെന്നാണ് അമിത് ഷാ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളുടെ മുന്നറിയിപ്പ്. തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ നടപടിയെടുക്കാന്‍ ബംഗാളിലെ പോലീസ് ധൈര്യം കാണിക്കുന്നില്ല എന്ന ആക്ഷേപവും ബിജെപിക്കുണ്ട്. പോലീസിന് താക്കീതുമായി രംഗത്തുവന്നിരിക്കുകയാണ് ബിജെപി നേതാവ് രാജു ബാനര്‍ജി. ബിജെപി അധികാരത്തിലെത്തിയാല്‍ ബംഗാളിലെ പോലീസിനെ കൊണ്ട് ബൂട്ട് നക്കിക്കുമെന്നാണ് അദ്ദേഹത്തിന്റെ ഭീഷണി. ഗുണ്ടാ രാജ് ആണ് ബംഗാളില്‍ നടക്കുന്നത്. ഇത് അവസാനിപ്പിക്കാന്‍ പോലീസ് നടപടിയെടുക്കുന്നില്ലെന്നും രാജു ബാനര്‍ജി കുറ്റപ്പെടുത്തി.

ബംഗാളിലെ അവസ്ഥ നോക്കൂ. ഗുണ്ടാ രാജാണ് നടക്കുന്നത്. പോലീസ് അനങ്ങുന്നില്ല. അത്തരം പോലീസുകാരെ എന്തു ചെയ്യണം. ബിജെപി അധികാരത്തിലെത്തിയാല്‍ അവരെ കൊണ്ട് ബൂട്ട് നക്കിക്കും- ദുര്‍ഗാപൂരിലെ പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബിജെപി വൈസ് പ്രസിഡന്റായ രാജു ബാനര്‍ജി. ബംഗാളില്‍ പലയിടത്തും ബിജെപിയുടെ പ്രചാരണ റാലികള്‍ക്ക് തുടക്കമിട്ടു കഴിഞ്ഞു. സംസ്ഥാനത്ത് ക്രമസാധാനം പൂര്‍ണമായും നിലച്ചു എന്നാണ് ബിജെപിയുടെ പ്രധാന ആരോപണം. അടുത്തിടെ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ല എന്നും പാര്‍ട്ടിക്ക് ആക്ഷേപമുണ്ട്. സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലെന്നും ബിജെപി പറയുന്നു

രാജ്യത്ത് എല്ലായിടത്തും നിയമങ്ങള്‍ ബാധകമാണ്. എന്നാല്‍ ബംഗാളില്‍ നിമയം ബാധകമല്ല. കാരണം ഇവിടെ ഭരിക്കുന്നത് തൃണമൂല്‍ കോണ്‍ഗ്രസാണ്. വനിതാ മുഖ്യമന്ത്രി ഭരിക്കുന്ന സംസ്ഥാനത്ത് പോലും സ്ത്രീകള്‍ക്ക് സുരക്ഷതിത്വമില്ല. ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നിരിക്കുകയാണെന്നും ബംഗാളിന്റെ ചുമതലയുള്ള ബിജെപി ദേശീയ നേതാവ് കൈലാഷ് വിജയവര്‍ഗിയ പറയുന്നു. സ്ത്രീകള്‍ക്കെതിരെ ആക്രമണം നടത്തിയ എല്ലാവരും നിമയസഭാ തിരഞ്ഞെടുപ്പിന് ശേഷം ജയിലിലടയ്ക്കപ്പെടും. ബിജെപി അധികാരത്തിലെത്തിയാല്‍ ബംഗാളില്‍ ക്രമസമാധാനം പുലരുമെന്നും അദ്ദേഹം പറഞ്ഞു.

ബംഗാളില്‍ ഒട്ടേറെ പേര്‍ ബിജെപിയില്‍ ചേരുകയാണ്. ഇടതുപാര്‍ട്ടികളില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ ചേരുന്നവര്‍ നിരവധിയാണ്. കഴിഞ്ഞ ദിവസം വെസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയില്‍ 480 സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 500ലധികം വിവിധ പാര്‍ട്ടി പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു. എല്ലാവരും ഇടതുപക്ഷ പ്രവര്‍ത്തകരാണ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് ട്വീറ്റ് ചെയ്തു. അതേസമയം, കൊഴിഞ്ഞുപോക്ക് പാര്‍ട്ടിയെ ബാധിക്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി നിരഞ്ജന്‍ സിഹി പറഞ്ഞു. അടുത്ത വര്‍ഷം ആദ്യത്തില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ ത്രികോണ മല്‍സരത്തിനാണ് സാധ്യത. തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെപി എന്നിവര്‍ തമ്മിലാണ് പ്രധാന മല്‍സരം. കോണ്‍ഗ്രസും ഇടതുപക്ഷവും സഖ്യം ചേര്‍ന്നാണ് ജനവിധി തേടുന്നത്

Post a Comment

أحدث أقدم