മലപ്പുറം : കുടുംബവഴക്കില്‍ വീട്ടമ്മ മരിക്കാനിടയായ സംഭവത്തില്‍ മക്കളുടെ മൊഴി ഭര്‍ത്താവിനെ കുടുക്കി. മഞ്ചേരി കൂമങ്കുളത്ത് 30 കാരി വിനീഷ എന്ന യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് 40 വയസ്സുള്ള പ്രസാദാണ് അറസ്റ്റിലായത്. അച്ഛന്‍ തള്ളിയപ്പോള്‍ അമ്മ തലയിടിച്ചു വീണെന്നും മൂക്കിലൂടെ രക്തം വന്നെന്നും കുട്ടികള്‍ നല്‍കിയ മൊഴിയാണ് സംഭവത്തില്‍ നിര്‍ണ്ണായകമായത്. അച്ഛന്‍ അമ്മയെ സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടെന്നും കുട്ടികള്‍ പോലീസിനോട് പറഞ്ഞു.
മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭാര്യയുടെ മൊബൈല്‍ പിടിച്ചുവാങ്ങാന്‍ ശ്രമിക്കുന്നതിനിടയില്‍ പ്രസാദ് പിടിച്ചു തള്ളിയപ്പോഴായിരുന്നു വിനീഷ തലയിടിച്ചു വീണത്. മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്നായിരുന്നു പ്രസാദ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. അയല്‍വാസികള്‍ അറിയിച്ചത് അനുസരിച്ച് വിനീഷയുടെ ബന്ധുക്കള്‍ സ്ഥലത്തെത്തിയിരുന്നു. കൊലപാതകമാണെന്ന് സംശയത്തില്‍ യുവതിയുടെ പിതാവ് കോവിലകം കുണ്ട് കോലാര്‍കുന്ന് ഉണ്ണികൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് പ്രസാദിനെ അറസ്റ്റ് ചെയ്തത്.
മഞ്ചേരിയിലെ സ്വകാര്യ സ്ഥാപനത്തില ജീവനക്കാരിയാണ് വിനീഷ. വിവാഹം കഴിഞ്ഞ് 11 വര്‍ഷമായ ഇവര്‍ക്ക് ഒമ്പത് വയസ്സുള്ള വൈഗ, അഞ്ചു വയസ്സുള്ള ആദിദേവ്, രണ്ടര വയസ്സുകാരന്‍ കിച്ചു എന്നിങ്ങനെ മൂന്ന് മക്കളാണ്. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് പ്രസാദ് മൊബൈല്‍ഫോണ്‍ പിടിച്ചുവാങ്ങാന്‍ തുനിഞ്ഞതെന്ന് പോലീസ് പറയുന്നു. സംഭവദിവസം പരിശോധനയ്ക്കായി വിനീഷയുടെ ഫോണ്‍വാങ്ങാന്‍ ശ്രമിക്കുമ്പോഴായിരുന്നു പ്രസാദ് പിടിച്ചു തള്ളിയതും വിനീഷയുടെ തല ശക്തമായി ചുമരില്‍ ഇടിച്ചതും. പ്രസാദ് ഭാര്യയെ സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടെന്നാണ് അയല്‍വാസികളും നല്‍കിയിരിക്കുന്ന മൊഴി.
إرسال تعليق