തദ്ദേശ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി; ആദ്യഘട്ടം ഡിസംബർ എട്ടിന്

തിരുവനന്തപുര‌ം | സംസ്ഥാനത്ത് തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബർ എട്ടിന് നടക്കും. രണ്ട്, മൂന്ന് ഘട്ടങ്ങൾ യഥാക്രമം ഡിസംബർ പത്തിനും 14നും നടക്കുമെന്നും സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസർ അറിയിച്ചു. ഡിസംബർ 16നാണ് വോട്ടെണ്ണൽ.

കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് ആദ്യഘട്ടത്തിൽ വോട്ടടുപ്പ് നടക്കുക. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിൽ രണ്ടാം ഘട്ടത്തിലും മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ മൂന്നാം ഘട്ടത്തിലും വോട്ടെടുപ്പ് നടക്കും.

നവംബര്‍ 12ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. നാമ പത്രിക അവ നവംബര്‍ 19 വരെ സമര്‍പ്പിക്കാം. സൂക്ഷ്മ പരിശോധന 20ന് നടക്കും. നവംബര്‍ 23 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. ക്രിസ്മസിന് മുമ്പ് പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്ന വിധത്തിലാണ് ക്രമീകരണങ്ങള്‍ വരുത്തിയതെന്നും തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

സാധാരണ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെുപ്പ് നടക്കാറ്. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് ഇത്തവണ മൂന്ന് ഘട്ടങ്ങളായി നടത്തുന്നതെന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. കൊവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ്. മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക തുടങ്ങിയ എല്ലാ കോവിഡ് മാനദണ്ഡങ്ങളും കര്‍ശനമായി നടപ്പിലാക്കും. ഉദ്യോഗസ്ഥന്മാര്‍ക്കുള്ള മാസ്‌ക, ഷീല്‍ഡ്, ഗ്ലൗസ് തുടങ്ങിയവ കമ്മീഷന്‍ വിതരണം ചെയ്യും. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചായിരിക്കും വോട്ടെടുപ്പ്. ക്വാറന്റീനിൽ കഴിയുന്നവർക്കും കൊവിഡ് പോസിറ്റീവായവർക്കും പോസ്റ്റൽ വോട്ട് അനുവദിക്കും. തിരഞ്ഞെടുപ്പ് തീയതിക്ക് മൂന്ന് ദിവസം മുമ്പ് പോസ്റ്റൽ വോട്ടിന് അപേക്ഷ നൽകണം.

1200 തദ്ദേശ ഭരണ സ്ഥാപനങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 1199 സ്ഥാപനങ്ങളിലെ 21865 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. 941 പഞ്ചായത്തുകളില്‍ 15,962, 152 ബ്ലോക് പഞ്ചായത്തുകളില്‍ 2080, 14 ജില്ലാ പഞ്ചായത്തുകളില്‍ 331, 86 മുന്‍സിപ്പാലിറ്റികളിലായി 3078, ആറ് കോര്‍പറേഷനുകളിലായി 414 എന്നിങ്ങനെയാണ് വാര്‍ഡുകളുടെ എണ്ണം. മട്ടന്നൂര്‍ മുന്‍സിപ്പാലിറ്റിയില്‍ തിരഞ്ഞെടുപ്പ് പിന്നീട് നടത്തും.

ഒക്‌ടോബര്‍ ഒന്നിന് പുറത്തിറക്കിയ അന്തിമ വോട്ടര്‍ പട്ടിക അനുസരിച്ച് സംസ്ഥാനത്ത് 2,71,20,823 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1,29,25,766 പേര്‍ പുരുഷന്മാരും 1,41,94,725 പേര്‍ സ്ത്രീകളും 282 പേര്‍ ട്രാന്‍സ്ജന്ററുകളുമാണ്. അന്തിമ വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പെടാത്തവര്‍ക്കായി ഒക്‌ടോബര്‍ 31 വരെ സമയം നല്‍കിയിരുന്നു. ഇതനുസരിച്ച് പുതുക്കിയ അഡീഷണല്‍ പട്ടിക നവംബര്‍ പത്തിനകം പ്രസിദ്ധീകരിക്കും.

34,744 പോളിംഗ് സ്‌റ്റേഷനുകളാണ് സജ്ജീകരിക്കുക. ഇതില്‍ 29,321 സ്‌റ്റേഷനുകള്‍ പഞ്ചായത്തുകളിലും 3422 സ്‌റ്റേഷനുകള്‍ മുന്‍സിപ്പാലിറ്റികള്‍ക്കും 2001 സ്‌റ്റേഷനുകള്‍ കോര്‍പറ്റേഷനുകളിലുമായിരിക്കും.

 

Post a Comment

أحدث أقدم