തിരുവനന്തപുരം | അധ്യാപകന്‍ മാനസിക പീഡിപ്പിച്ചതായി ആരോപിച്ച് മദ്രാസ് ഐ ഐ ടിയില്‍ മലയാളി വിദ്യാര്‍ഥിനി ഫാത്വിമ ലത്തീഫ് ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണത്തിന്റെ പ്രാഥമിക നടപടി പോലും സ്വീകരിക്കാതെ സി ബി ഐ. ഫാത്വിമ ലത്തീഫ് മരിച്ചിട്ട് ഒരു വര്‍ഷമായെങ്കിലും പെണ്‍കുട്ടിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളില്‍ നിന്ന് ഒരു മൊഴിയെടുക്കാന്‍ പോലും സി ബി ഐ ഇതുവരെ തയ്യാറായിട്ടില്ല. അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതില്‍ വലിയ ആക്ഷേപമാണ് കുടുംബത്തിനുള്ളത്. സി ബി ഐ ഫോണില്‍ ബന്ധപ്പെട്ടതല്ലാതെ കുടുംബത്തെ നേരിട്ട് കണ്ടിട്ടില്ല. അന്വേഷണത്തിലെ മെല്ലപ്പോക്കില്‍ പ്രതിഷേധം അറിയിച്ച് പിതാവ് അബ്ദുല്‍ ലത്തീഫ് സി ബി ഐ ഡയറക്ടര്‍ക്ക് കത്തയച്ചിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് ഫാത്വിമാ ലത്തീഫ് ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയത്. മരണത്തിന് കാരണക്കാരന്‍ അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനാണെന്ന് ഫാത്വിമ മൊബൈല്‍ ഫോണില്‍ കുറിച്ചിരുന്നു. മറ്റ് രണ്ട് അധ്യാപകര്‍ക്കെതിരെയും ആരോപണമുയര്‍ന്നു. പഠിക്കാന്‍ മിടുക്കിയായിരുന്ന ഫാത്തിമ അധ്യാപകന്റെ സങ്കുചിത വര്‍ഗീയ ചിന്തയാല്‍ പലപ്പോഴും അവഗണന നേരിട്ടതായും ആരോപണുമുണ്ടായിരുന്നു. ഫാത്വിമയുടെ മരണത്തിന് ഉത്തരവാദിയായ അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ക്യാമ്പസില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ആരോപണവിധേയര്‍ക്കെതിരെ ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
പ്രാഥമിക അന്വേഷണം നടത്തിയ തമിഴ്നാട് കോട്ടൂര്‍പുരം പോലീസിനെതിരെ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ കേസ് ചെന്നൈ സിറ്റി പൊലീസിന്റെ കീഴിലുള്ള സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന് കൈമാറി. ഇതിനിടെയാണ് കേസ് സി ബി ഐക്ക് കൈമാറിയത്. എന്നാല്‍ കേസ് ഇപ്പോള്‍ എങ്ങുമെത്താത്ത അവസ്ഥയാണുള്ളത്.
إرسال تعليق