കൊച്ചി> പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ പി കെ ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയിലെടുക്കാൻ വിജിലൻസ് സംഘം വീട്ടിലെത്തി. ആലുവയിലെ വീട്ടിലാണ് സംഘം എത്തിയത്.കേസിൽ അഞ്ചാംപ്രതിയാണ് ഇബ്രാഹിംകുഞ്ഞ്.
എന്നാൽ ഇബ്രാഹിം കുഞ്ഞ് വീട്ടിലില്ലെന്നും ആശുപത്രിയിൽ ചികിത്സയിലാണെന്നുമാണ് ഭാര്യ നൽകിയ മറുപടി.ഇത് വിജിലൻസ് വിശ്വസിച്ചിട്ടില്ല. അവർ വീട്ടിൽതന്നെ തങ്ങുകയാണ്. കസ്റ്റഡിയിലെടുത്ത് ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്തേക്കും . ആലുവ പൊലീസും വിജിലൻസ് സംഘത്തിനൊപ്പമുണ്ട്. വീട്ടിൽ ഭാര്യ മാത്രമേ ഉള്ളൂ എന്നറിയിച്ചതിനാൽ വനിതാ പൊലീസും വീട്ടിലെത്തിയിട്ടുണ്ട്.
മേൽപ്പാലം നിർമാണക്കമ്പനിയായ ആർഡിഎസിന് ചട്ടവിരുദ്ധമായി 8.25 കോടി രൂപ മുൻകൂർ നൽകിയത് ഇബ്രാഹിംകുഞ്ഞിന്റെ നിർദേശപ്രകാരമാണെന്ന് മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് മൊഴി നൽകിയിരുന്നു. ഫെബ്രുവരി അഞ്ചിനാണ് ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകിയത്.
മേൽപ്പാലം അഴിമതിക്കേസിൽ ടി ഒ സൂരജിന് പുറമെ കരാർ കമ്പനിയായ ആർഡിഎസിന്റെ എംഡി സുമിത് ഗോയൽ, ആർബിഡിസികെ മുൻ അസി. മാനേജർ എം ടി തങ്കച്ചൻ, കിറ്റ്കോ മുൻ ജോയിന്റ് ജനറൽ മാനേജർ ബെന്നി പോൾ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
إرسال تعليق