പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിനുള്ളിൽ പഞ്ഞി വച്ച് തുന്നിക്കെട്ടി: ആശുപത്രി ജീവനക്കാർക്കെതിരെ നടപടി


തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയ്ക്കിടെ ഗുരുതര കൈപ്പിഴ. പഞ്ഞി ഉൾപ്പെടെയുള്ള സാധനങ്ങൾ യുവതിയുടെ വയറിനുള്ളിലാക്കി തുന്നിക്കെട്ടി. ആന്തരിക അവയവങ്ങളിൽ പഴുപ്പും നീരും കെട്ടി വലിയതുറ സ്വദേശിനിയുടെ ആരോഗ്യാവസ്ഥ ഗുരുതരമായി തുടരുകയാണ്. തിരുവനന്തപുരം തൈക്കാട് സ്ത്രീകളേയും കുട്ടികളേയും പരിശോധിക്കുന്ന ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം. നിലവിൽ യുവതി എസ്എടി ആശുപത്രിയിൽ വീണ്ടും ചികിത്സയിലാണ്. സംഭവത്തിൽ പരാതി ലഭിച്ചില്ലെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. യുവതിയുടെ പരാതിയിൽ ആശുപത്രി ജീവനക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് ഡിഎംഒ അറിയിച്ചു.

22 വയസുള്ള അൽഫിന അലിയുടെ രണ്ടാമത്തെ പ്രസവത്തിനായാണ് തൈക്കാടുള്ള ആശുപത്രിയിലെത്തിയത്. സിസേറിയനായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം വേദനയ്ക്ക് കുറവില്ലാതെ വന്നതോടെ ഡോക്ടറെ വീണ്ടും സമീപിച്ചെങ്കിലും കുഴപ്പമില്ലെന്ന് കാണിച്ച് ഡോക്ടർ അവരെ ഡിസ്ചാർജ് ചെയ്തു. വീട്ടിലെത്തി ഒരാഴ്ച കഴിഞ്ഞപ്പോൾ നടക്കാൻ പോലും കഴിയാത്ത അവസ്ഥയായി. തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ സ്‌കാനിങ്ങിന് വിധേയയാക്കി. അപ്പോഴാണ് വയറിനുള്ളിലെ പഞ്ഞി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

അടിയന്തിര ശസ്ത്രക്രിയ വേണമെന്ന് ആശുപത്രി അധികൃതർ നിർദേശിച്ചു. തൈക്കാട് ആശുപത്രിയിലെ ഡോക്ടറുടെ പിഴവ് വ്യക്തമായതോടെ ആശുപത്രയിലെത്തി ഇക്കാര്യങ്ങൾ അറിയിച്ചെങ്കിലും തെളിവുകളുമായി വരാനായിരുന്നു അധികൃതർ ആവശ്യപ്പെട്ടത്. ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന സാധനങ്ങളെല്ലാം എണ്ണിത്തിരിച്ചെടുക്കാറുണ്ടെന്നും ഇക്കാര്യത്തിൽ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകുന്നില്ലെന്നുമാണ് ഡോക്ടറുടെ വിശദീകരണം. 19 ദിവസത്തിനിടെ മൂന്ന് ശസ്ത്രക്രിയകൾക്ക് വിധേയയായി ആരോഗ്യം മോശമായ അൽഫിനയുടെ അവസ്ഥ ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

Post a Comment

أحدث أقدم