ജ്വല്ലറി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം എം.എൽ.എ എം.സി ഖമറുദ്ദീനെ മുസ്ലീം ലീഗ് കൈവിടാനൊരുങ്ങുന്നു. ആസ്തി വിറ്റ് നിക്ഷേപകരുടെ പണം തിരിച്ച് നൽകണമെന്ന് നിലപാടെടുത്തിരുന്ന ലീഗ് അത് നടക്കില്ലെന്ന് ഉറപ്പായതോടെയാണ് എം.എൽ.എയെ കൈവിടാനൊരുങ്ങുന്നതും ഇനിയെല്ലാം ഖമറുദ്ദീൻ സ്വന്തം നിലയ്ക്ക് നേരിടട്ടേയെന്ന നിലപാടെക്കുന്നതും. വിഷയത്തിൽ മധ്യസ്ഥത വഹിക്കാനും ആസ്തി വകകളുടെ കണക്കെടുത്ത് റിപ്പോർട്ട് നൽകാനും ജില്ലാ ട്രഷറർ കല്ലട്ട മായിൻഹാജിയെ ലീഗ് നിയോഗിച്ചിരുന്നുവെങ്കിലും ആസ്തി സംബന്ധിച്ച രേഖകളെല്ലാം അന്വേഷണ ഏജൻസികൾ പിടിച്ചെടുത്തു. അതോടെ ഈ ശ്രമം നടക്കില്ലെന്ന് കല്ലട്ട മായിൻഹാജി നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്. ആറ് മാസത്തിനുള്ളിൽ നിക്ഷേപകരുടെ പണം തിരികെ നൽകുമെന്നായിരുന്നു എം.സി ഖമറുദ്ദീൻ നേതൃത്വത്തെ അറിയിച്ചത്. എന്നാൽ ഇതിന് സാധ്യതയില്ലെന്ന് ലീഗ് നേതൃത്വത്തിന് ബോധ്യമായിട്ടുണ്ട്. മാത്രമല്ല ഖമറുദ്ദീന്റെ പല സ്വത്തുക്കളും ലീഗ് നേതൃത്വം അറിയാതെ വിൽക്കപ്പെടുകയോ കൈമാറ്റം ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ടെന്നും ബോധ്യമായിട്ടുണ്ട്. തുടർന്നാണ് ഇനിയുള്ളത് ഖമറുദ്ദീൻ സ്വന്തം നിലയ്ക്ക് നേരിടട്ടേയെന്ന നിലപാടിലേക്ക് ലീഗ് എത്തിയിരിക്കുന്നത്. എന്നാൽ ഖമറുദ്ദീൻ ആറ് മാസം സമയം ചോദിച്ച സ്ഥിതിക്ക് അതിന് ശേഷമായിരിക്കും തുടർ നടപടികളിലേക്ക് മുസ്ലീം ലീഗ് നേതൃത്വം പോവുക.
Post a Comment