ദലിത് യുവാവിനെ വിവാഹം ചെയ്ത യുവതിയെ സഹോദരന്മാര്‍ വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ജില്ലയിലാണ് സംഭവം. സഹോദരിയെ കൊലപ്പടുത്തിയ ശേഷം സഹോദരന്മാര്‍ സ്വന്തം ഫാമില്‍ തന്നെ മൃതദേഹം കുഴിച്ചിടുകയായിരുന്നു. സഹോദരന്മാരില്‍ ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു. രണ്ട് പേര്‍ ഒളിവിലാണ്.
ചാന്ദിനി കശ്യപ് എന്ന 23കാരിയാണ് കൊല്ലപ്പെട്ടത്. കിഴക്കന്‍ ഡല്‍ഹിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് അര്‍ജുന്‍ കുമാറിനൊപ്പം താമസിക്കുകയായിരുന്നു ചാന്ദ്‌നി.
കൊലപാതകത്തെ കുറിച്ച് പോലിസ് പറയുന്നതിങ്ങനെ 'സുനില്‍, സുശീല്‍, സുധീര്‍ എന്നീ സഹോദരന്മാര്‍ നവംബര്‍ 17ന് ചാന്ദിനിയെ കാണാന്‍ ഡല്‍ഹിയിലെത്തി. തുടര്‍ന്ന് ചാന്ദിനിയെ യുപിയിലെ വീട്ടിലേക്ക് കൊണ്ടുപോയി. നവംബര്‍ 20ന് ചാന്ദിനിയെ കൊലപ്പെടുത്തി ഫാമില്‍ മൃതദേഹം കുഴിച്ചിട്ടു. ഭാര്യയെ തട്ടിക്കൊണ്ടുപോയെന്ന് അര്‍ജുന്‍ നവംബര്‍ 22ന് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്'.
ഈ വര്‍ഷം ജൂണിലാണ് ചാന്ദിനി വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് അര്‍ജുനെ വിവാഹം ചെയ്തത്. ഇരുവരും അയല്‍വാസികളായിരുന്നു. സഹോദരന്മാര്‍ ചാന്ദിനിയെ വീട്ടിലേക്ക് കൊണ്ടുപോയ ശേഷം ഫോണില്‍ പോലും ലഭിക്കാതിരുന്നതോടെ താന്‍ ചാന്ദിനിയുടെ ബന്ധുവിനെ വിളിച്ച് അന്വേഷിക്കുകയായിരുന്നുവെന്ന് അര്‍ജുന്‍ പറഞ്ഞു. പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ബന്ധുക്കള്‍ പറഞ്ഞത്. ചാന്ദിനി ആത്മഹത്യ ചെയ്‌തെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ മറ്റൊരാള്‍ പറഞ്ഞത് ചാന്ദിനി വേറൊരാളെ വിവാഹം ചെയ്‌തെന്നാണ്. തുടര്‍ന്നാണ് പൊലീസിനെ സമീപിച്ചതെന്ന് അര്‍ജുന്‍ പറഞ്ഞു.
അര്‍ജുന്റെ പരാതി ലഭിച്ചപ്പോള്‍ സെക്ഷന്‍ 365 പ്രകാരം തട്ടിക്കൊണ്ടുപോകല്‍ കുറ്റമാണ് ആദ്യം ചുമത്തിയത്. കൊലപാതകം സ്ഥിരീകരിച്ചതോടെ സെക്ഷന്‍ 302 പ്രകാരം കൊലപാതക്കുറ്റം കൂടി ചുമത്തി. പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്‌തെന്നും രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും ഈസ്റ്റ് ഡല്‍ഹി ഡിസിപി ജസ്മീത് സിങ് അറിയിച്ചു.
إرسال تعليق