ബിജെപിക്ക് വിട്ടുകൊടുക്കില്ല; മഞ്ചേശ്വരം മണ്ഡലത്തില്‍ എല്‍ഡിഎഫും യുഡിഎഫും കൈകോര്‍ത്തേക്കും

ബിജെപി ഭരണസാധ്യത ഒഴിവാക്കാനായി മഞ്ചേശ്വരം മണ്ഡലത്തിന് കീഴിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എല്‍ഡിഎഫും യുഡിഎഫും പരസ്പരം സഹകരിച്ച് അധ്യക്ഷ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് സൂചന. ബിജെപിയ്ക്ക് മുന്‍തൂക്കമുള്ള പഞ്ചായത്തുകളില്‍ സഹകരണം ഉറപ്പാക്കാനാണ് ഇടതുവലത് മുന്നണികളുടെ നീക്കം.

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്, പൈവളിഗെ, മീഞ്ച, കുമ്പള എന്നിവിടങ്ങളില്‍ ബിജെപിയ്ക്ക് ഭരണസാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് പാര്‍ട്ടികളുടെ നീക്കം. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലും കുമ്പളയും യുഡിഎഫും പൈവളിഗെ, മീഞ്ച എന്നിവിടങ്ങളില്‍ എല്‍ഡിഎഫും ഭരണം നടത്താനാണ് ശ്രമങ്ങള്‍ നടക്കുന്നത്. ഈ പ്രദേശങ്ങളില്‍ സ്വതന്ത്രസ്ഥാനാര്‍ഥികള്‍ എടുക്കുന്ന തീരുമാനം നിര്‍ണ്ണായകമാകും.

ബിജെപിയ്ക്ക് ഭരണം വിട്ടുകൊടുക്കില്ലെന്ന ഇരുമുന്നണികളുടേയും നയം അനുസരിച്ചാണ് സഹകരിച്ച് മുന്നോട്ടുപോകാന്‍ ആലോചനകള്‍ നടക്കുന്നത്. ഇരുമുന്നണികളും തമ്മില്‍ നേരിട്ട് മത്സരമുള്ള ഇടങ്ങളില്‍ ധാരണയുണ്ടാകില്ല.

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ ആകെയുള്ള 15 സീറ്റില്‍ ആറ് ഇടത്ത് മുസ്ലീം ലീഗും ആറിടത്ത് ബിജെപിയും രണ്ടിടത്ത് സിപിഐഎമ്മും ഒരിടത്ത് എസ്ഡിപിഐയുമാണ് ജയിച്ചുകയറിയത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സഹകരണത്തോടെ ഭരണം പിടിക്കാനാണ് യുഡിഎഫ് നീക്കം.

Post a Comment

أحدث أقدم