വർഷങ്ങൾ നീണ്ട പ്രണയം, വിവാഹം കഴിക്കണമെങ്കിൽ മതം മാറണമെന്ന് ആവശ്യപ്പെട്ടു; യുവാവിനെതിരെ പരാതിയുമായി 19കാരി

ഷഹാബാദ് : രണ്ട് വർഷത്തെ പ്രണയത്തിന് ശേഷം വിവാഹം ചെയ്യണമെങ്കിൽ യുവാവ് മതം മാറാൻ ആവശ്യപ്പെട്ടതായി യുവതിയുടെ പരാതി. 19 കാരിയായ യുവതിയാണ് യുവാവിനെതിരെ പരാതി നൽകിയത്. ഉത്തർപ്രദേശിലെ ഹാർദോയ് ജില്ലയിലാണ് സംഭവം.

ഹിന്ദു സമുദായത്തിൽപ്പെട്ട യുവതി ഷഹാബാദ് കോട്‌വാലി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിലാണ് താമസിക്കുന്നത്.  ഹാർദോയ് പോലീസ് സൂപ്രണ്ട് അനുരാഗ് വാട്സിനാണ് യുവതി വ്യാഴാഴ്ച പരാതി നൽകിയത്. കഴിഞ്ഞ രണ്ട് വർഷമായി അതേ ഗ്രാമത്തിൽ നിന്നുള്ള മുസ്ലീമായ ആസാദ് എന്ന യുവാവുമായി പ്രണയത്തിലായിരുന്നുവെന്ന് യുവതി പരാതിയിൽ പറയുന്നു.

നവംബർ 30 ന് ഇരുവരും വിവാഹത്തിനായി രജിസ്ട്രാർ ഓഫീസിലെത്തിയപ്പോഴാണ് യുവാവ് മതം മാറ്റാൻ സമ്മർദ്ദം ചെലുത്തിയത്. യുവതി അത് നിരസിച്ചതിനെ തുടർന്ന് ആസാദ് വിവാഹത്തിന് നിൽക്കാതെ അവിടെ നിന്നും പോയി എന്നാണ് യുവതിയുടെ പരാതി.

വിവാഹ വാഗ്ദാനം നൽകി ആസാദ് തന്നെ നിരവധി തവണ ശാരീരികമായി ചൂഷണം ചെയ്തെന്നും തന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചു. പരാതി ലഭിച്ചിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് കർശന നടപടിയെടുക്കാൻ പോലീസിന് നിർദേശം നൽകിയതായും എസ്പി പറഞ്ഞു.

Post a Comment

أحدث أقدم