വാഹനം തടഞ്ഞു കവര്‍ച്ച , സംഘത്തലവനും ഭാര്യയും പിടിയില്‍

മരട്‌: രാത്രിയില്‍ വാഹനം തടഞ്ഞു നിര്‍ത്തി പണവും സ്വര്‍ണവും തട്ടുന്ന അന്തര്‍ജില്ലാ കവര്‍ച്ചാ സംഘത്തിലെ തലവനും ഭാര്യയും പോലീസ്‌ പിടിയില്‍. ആലപ്പുഴ എടത്വ സ്വദേശി വി. വിനീത്‌(22), ഭാര്യ ആലപ്പുഴ അവലുക്കുന്നു പനയ്‌ക്കച്ചിറയില്‍ ഷിന്‍സി(19) എന്നിവരാണ്‌ അറസ്‌റ്റിലായത്‌.
രാത്രികാലങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി ഡ്രൈവറുടെ കഴുത്തില്‍ കത്തിവെച്ച്‌ കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്തി പണം, സ്വര്‍ണാഭരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ തട്ടിയെടുക്കുകയാണ്‌ ഇവരുടെ രീതി. സംഭവം വ്യാപകമായതിനെത്തുടര്‍ന്ന്‌ ഡി.സി.പി. പി.ബി. രാജീവിന്റെ മേല്‍നോട്ടത്തില്‍ എ.സി.പി: കെ.എം ജിജിമോന്‍, സി.ഐ: എ. അനന്തലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അനേ്വഷണ സംഘം രൂപീകരിച്ചിരുന്നു. മുമ്പു രണ്ടുതവണ വിനീതിനെ പിടികൂടിയിരുന്നെങ്കിലും ആദ്യം പോലീസ്‌ കസ്‌റ്റഡിയില്‍ നിന്നും പിന്നീട്‌ കോവിഡ്‌ ബാധിച്ചു കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ബാത്ത്‌റൂമിന്റെ വെന്റിലേറ്റര്‍ ഇളക്കിമാറ്റിയും ഇയാള്‍ രക്ഷപ്പെട്ടു.
അനേ്വഷണം നടക്കുന്നതിനിടെയാണ്‌ ഇന്നലെ അമ്പലപ്പുഴ നീര്‍ക്കുന്നത്തു നിന്ന്‌ വിനീതിനേയും ഷിന്‍സിയെയും പോലീസ്‌ പിടികൂടുന്നത്‌. ഇവരില്‍ നിന്ന്‌ ലാപ്‌ടോപ്‌, മൊബൈല്‍ ഫോണുകള്‍, മോഷ്‌ടിച്ച ഇരുചക്രവാഹനങ്ങള്‍, ഓമ്‌നി വാനുകള്‍ എന്നിവ കണ്ടെടുത്തിട്ടുണ്ട്‌. ഷിന്‍സിയെ കൂടുതല്‍ തെളിവെടുപ്പുകള്‍ക്കായി കൊല്ലം പാരിപ്പള്ളി പോലീസിനു കൈമാറി. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഇവര്‍ക്കെതിരേ കേസുകളുണ്ട്‌. സംഘത്തിലെ മൂന്നുപേരെ കഴിഞ്ഞ ദിവസം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു.

Post a Comment

أحدث أقدم