പുതിയ കണക്ക് പുറത്തുവിട്ടു;കോവിഡ്‌ വ്യാപനത്തിൽ മുന്നിൽ കേരളം, മരണനിരക്കിൽ പിന്നിൽ

കോട്ടയം: 
തിരഞ്ഞെടുപ്പ് പ്രചാരണം കേരളത്തിൽ കോവിഡ് പ്രചാരണം കൂടിയായോ എന്ന് സംശയിക്കത്തക്കവിധം രോഗവ്യാപനത്തോത് ഉയർന്നു. രണ്ടുമാസത്തിനിടയിൽ പത്തുശതമാനം എന്ന നിരക്കിലേക്ക് കോവിഡ് വ്യാപന നിരക്കെത്തി. ദേശീയ കോവിഡ് നിയന്ത്രണവിഭാഗം പുറത്തുവിട്ട കണക്കിലാണ് മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം രോഗവ്യാപനത്തിൽ മുൻനിരയിലാണെന്ന് സൂചിപ്പിക്കുന്നത്. 100 കോവിഡ് പരിശോധനയിൽ പത്ത് രോഗികൾ എന്ന നിലയിലാണിപ്പോൾ കേരളം. ഡിസംബർ 13 മുതൽ 26 വരെയുള്ള കണക്കെടുപ്പിൽ രാജ്യത്ത് ഇത്രയും ഉയർന്ന നിരക്കിൽ കോവിഡ് വ്യാപനം കേരളത്തിൽ മാത്രമേയുള്ളൂ. ദേശീയതലത്തിൽ 2.24 ശതമാനം എന്ന നിരക്കിലേക്ക് രോഗവ്യാപനം കുറഞ്ഞിരുന്നു. ഇതേ കാലയളവിലാണ് കേരളം 9.4 ശതമാനത്തിൽനിന്ന് പത്തുശതമാനത്തിലേക്ക് എത്തിയത്. തൊട്ടുപിന്നിൽ ഗോവയാണ്. 6.04 ശതമാനം. അസം-0.45, ബിഹാർ-0.47, ആന്ധ്രാപ്രദേശ്-0.69, യു.പി.-0.85, ജാർഖണ്ഡ്-1.02, ഒഡിഷ-1.05, ജമ്മുകശ്മീർ-1.1, കർണാടക-1.11, തെലങ്കാന-1.19, ഡൽഹി-1.39, തമിഴ്നാട്-1.57 എന്നിങ്ങനെയാണ് വ്യാപനനിരക്കിൽ പിന്നിലുള്ള സംസ്ഥാനങ്ങൾ. മരണം പിടിച്ചുനിർത്തി ഡിസംബർ 27 വരെയുള്ള കണക്കുപ്രകാരം കേരളത്തിൽ 2977 കോവിഡ് മരണങ്ങളാണുണ്ടായത്. ഇത് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട സ്ഥിതിയാണ്. 


മഹാരാഷ്ട്ര-49,255, തമിഴ്നാട്-12,069, കർണാടക-12,062, ഡൽഹി-10,453 എന്നിങ്ങനെയാണ് മരണത്തിൽ മുൻനിരയിലുള്ള സംസ്ഥാനങ്ങളിലെ കണക്ക്. രാജ്യത്ത് മരിച്ചവരിൽ 70 ശതമാനവും പുരുഷന്മാർ ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരിൽ 70 ശതമാനവും പുരുഷന്മാരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ജനുവരിമുതലുള്ള കണക്കെടുത്താൽ രാജ്യത്തെ 1.47 ലക്ഷം പുരുഷന്മാരാണ് മരണത്തിന് കീഴടങ്ങിയത്. ഇതിൽ 45 ശതമാനം പേരും 60 വയസ്സിൽ താഴെയുള്ളവരാണ്. കോവിഡ് ബാധിതരിൽ 63 ശതമാനം പേരും പുരുഷന്മാരാണ്. രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറയുന്നുണ്ടെങ്കിലും ലോകത്തിന്റെ മറ്റുഭാഗങ്ങളിൽ ജനിതകമാറ്റം സംഭവിച്ച വൈറസ് വളരെ വേഗം പടരുന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. ആഗോളതലത്തിൽ 8.1 കോടിയിലധികം കോവിഡ് ബാധിതരാണുള്ളത്. അതിൽ 1.02 കോടിയും ഇന്ത്യയിലാണ്. ഇക്കാര്യത്തിൽ യു.എസിനുപിന്നാൽ രണ്ടാംസ്ഥാനത്താണ് ഇന്ത്യ. ചൊവ്വാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ 16,432 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ സർക്കാർ കണക്കിൽ ആകെ രോഗബാധിതരുടെ എണ്ണം 1,02,24,303 ആയി. 2.68 ലക്ഷംപേർ ചികിത്സയിലുണ്ട്. 252 പേർകൂടി മരിച്ചതോടെ ആകെ മരണസംഖ്യ 1.48 ലക്ഷമായി.
 



Post a Comment

أحدث أقدم