കെ എം ഷാജിയുടെ വിവാദ ഭൂമി ഇടപാട്; മുനീറിന്റെ ഭാര്യയെ ഇ ഡി ചോദ്യം ചെയ്യുന്നു



കോഴിക്കോട് :

പ്രതിപക്ഷ ഉപ നേതാവും മുസ്‌ലിം ലീഗ് എം എല്‍ എയുമായ എം കെ മുനീറിന്റെ ഭാര്യയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നു. ലീഗ് നേതാവ് കെ എം ഷാജി കോഴിക്കോട്ടെ ഭൂമി വാങ്ങിയതില്‍ മുനീറിന്റെ ഭാര്യക്കും പങ്കാളിത്തമുണ്ടെന്ന് ഇ ഡിക്ക് പരാതി ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോദിച്ചറിയുന്നതിനാണ് വിളിപ്പിച്ചത്. കോഴിക്കോട്ടെ ഇ ഡി ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്യല്‍. കെ എം ഷാജി എം എല്‍ എയുടെ വിവാദ ഭൂമി ഇടപാടില്‍ മുനീറിനും പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി ഐ എന്‍ എല്‍ നേതാവ് അബ്ദുല്‍ അസീസാണ് പരാതി നല്‍കിയത്.

വേങ്ങേരിയിലെ വീട് നില്‍ക്കുന്ന സ്ഥലം ഷാജിയും മുനീറും ചേര്‍ന്നാണ് വാങ്ങിയതെന്ന് പരാതിയില്‍ പറയുന്നു. സ്ഥലം രജിസ്റ്റര്‍ ചെയ്തത് ഷാജിയുടെയും മുനീറിന്റെയും ഭാര്യമാരുടെ പേരിലാണ്. 92 സെന്റ് സ്ഥലം വാങ്ങിയത് 1.02 കോടി രൂപയ്ക്കാണെന്നും എന്നാല്‍ ആധാരത്തില്‍ കാണിച്ചത് 37 ലക്ഷം രൂപ മാത്രമാണെന്നും പരാതിയിലുണ്ട്.

Post a Comment

Previous Post Next Post