കനത്ത പോളിംഗ് തുടരുന്നു; 60.20 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി

കൊച്ചി സംസ്ഥാനത്ത് രണ്ടാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പിലും കനത്ത പോളിംഗ്. മധ്യകേരളത്തിലെ നാലും വയനാട് ജില്ലയിലുമായി നടക്കുന്ന വോട്ടെടുപ്പില്‍ ഇതിനകം 60.20 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ഉച്ചക്ക് 2.20 പ്രകാരമുള്ള വോട്ടിംഗ് ശതമാനമാണിത്. വയനാട്ടിലാണ് ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് രേഖപ്പെടുത്തിയത്. വയനാട് 62.45 ശതമാനം വോട്ട് വിനിയോഗിച്ച് കഴിഞ്ഞു. കോട്ടയത്ത് 58.97, എറണാകുളം 59.66, തൃശ്ശൂര്‍ 59.62, പാലക്കാട് 60.94 ശതമാനം പേര്‍ ഇതിനകം വോട്ട് രേഖപ്പെടുത്തി. കൊച്ചി കോര്‍പറേഷനില്‍ 44.35 ശതമാനം പേരും തൃശ്ശൂര്‍ കോര്‍പറേഷനില്‍ 47.5 ശതമാനം പേരും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

പലയിടത്തും വലിയ തിരക്ക് ഇപ്പോഴും അനുഭവപ്പെടുന്നുണ്ട്. പോളിംഗ് ശതമാനം കഴിഞ്ഞ തിരഞ്ഞെടുപ്പിന് സമാനമായി ഉയരുമെന്നാണ് കണക്കാക്കുന്നത്. കൊവിഡ് ആശങ്കക്കിടയിലും ജനം വലിയ തോതില്‍ ജനാധിപത്യ പ്രകിയയുടെ ഭാഗമായി മാറുന്നതാണ് ആശ്വാസകരമാണ്.

മധ്യകേരളം പൊതുവെ യു ഡി എഫിന് മേധാവിത്വമുള്ള ജില്ലകളാണെങ്കിലും ഇത്തവണ പല ജില്ലകളിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ജോസ് കെ മാണി എല്‍ ഡി എഫിലേക്ക് വന്നതോടെ കോട്ടയത്തെ ഫലങ്ങള്‍ പ്രവചനാതീതമായി മാറിയിട്ടുണ്ട്. യു ഡി എഫ് കോട്ടയായ കൊച്ചി കോര്‍പറേഷനിലും തീറാപും പോരാട്ടമാണ് നടക്കുന്നത്. വയനാട്ടില്‍ യു ഡി എഫ് മേധാവിത്വം ഉറപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നുണ്ട്. എന്നാല്‍ പാലക്കാട് വലിയ വിജയം തന്നെയാണ് ഇടതുമുന്നണി പ്രതീക്ഷിക്കുന്നത്. പാലക്കാട് മുനിസിപാലിറ്റി നിലനിര്‍ത്തുന്നതിനൊപ്പം തൃശ്ശൂര്‍ കോര്‍പറേഷനില്‍ നില മെച്ചപ്പെടുത്താനാകുമെന്ന് യു ഡി എഫ് കണക്ക് കൂട്ടുന്നു.

കോട്ടയത്ത് എല്‍ഡിഎഫ് യുഡിഎഫ് പോരാട്ടം എന്നതിനേക്കാള്‍ കേരള കോണ്‍ഗ്രസിലെ ജോസ് ജോസഫ് പക്ഷങ്ങളുടെ ശക്തിപ്രകടനമാണ് നടക്കുക. എറണാകുളത്ത് കിഴക്കമ്പലത്ത് ട്വന്റിട്വന്റി, കൊച്ചി നഗരസഭയില്‍ വീഫോര്‍ കൊച്ചി തുടങ്ങിയ കൂട്ടായ്മകള്‍ വലിയ പ്രതീക്ഷയാണ് വെച്ച് പുലര്‍ത്തുന്നത്.

47,28,489 പുരുഷന്‍മാരും 51,28,361 സ്ത്രീകളും 93 ട്രാന്‍സ്ജെന്‍ഡറുകളും 265 പ്രവാസി ഭാരതീയരും അടക്കം 98,57,208 വോട്ടര്‍മാരാണ് രണ്ടാം ഘട്ടത്തിലുള്ളത്. ഇതില്‍ 57,895 കന്നി വോട്ടര്‍മാരും ഉള്‍പ്പെടുന്നു. 12,643 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 473 പ്രശ്നബാധിത പോളിംഗ് ബൂത്തുകളില്‍ വെബ്കാസ്റ്റിങ്ങുംഏര്‍പ്പെടുത്തിയിട്ടുണ്ട്

Post a Comment

Previous Post Next Post