കൊച്ചി | മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെ വീട്ടുജോലിക്കാരി വീണു മരിച്ച സംഭവത്തില്‍ ഫ്‌ളാറ്റ് ഉടമ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. സാരികള്‍ കൂട്ടിക്കെട്ടി രക്ഷപെടാനുളള ശ്രമത്തിനിടെയാണ് തമിഴ്‌നാട് കടലൂര്‍ സ്വദേശിനിയായ കുമാരി താഴെ വീണ് പരുക്കേറ്റ് മരിച്ചത്.
അന്യായമായി തടങ്കലില്‍ വെച്ചതിനും മനുഷ്യക്കടത്തിനുമാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ഫ്‌ളാറ്റ് ഉടമയായ അഭിഭാഷകന്‍ ഇംത്യാസ് അഹമ്മദിനെതിരെ പോലീസ് കേസെടുത്തത്. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്
ഇംത്യാസ് അഹമ്മദ് ജോലിക്കെന്ന പേരില്‍ കുമാരിയെ തമിഴ്‌നാട്ടില്‍ നിന്നെത്തിച്ച് തടങ്കലിലാക്കിയെന്നാണ് കുറ്റം.
മുന്‍കൂര്‍ ആയി വാങ്ങിയ പതിനായിരം രൂപ തിരിച്ചു നല്‍കാത്തതിന്റെ പേരിലാണ് കുമാരിയെ ഇംത്യാസ് തടങ്കലില്‍ വെച്ചതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.
ഇക്കഴിഞ്ഞ നാലിന് ഭര്‍ത്താവ് ശ്രീനിവാസന്റെ ആവശ്യപ്രകാരം തനിക്ക് നാട്ടിലേക്ക് മടങ്ങണമെന്ന് ഇംത്യാസിനെ കുമാരി അറിയിച്ചു. എന്നാല്‍ മുന്‍കൂര്‍ പണം തിരികെ തന്നിട്ട് പോയാല്‍ മതിയെന്ന് അഭിഭാഷകന്‍ വാശിപിടിച്ചു. ഒടുവില്‍ കടം വാങ്ങിയ എണ്ണായിരം രൂപ നാട്ടില്‍ നിന്ന് കുമാരിയുടെ അക്കൗണ്ടിലേക്ക് മകന്‍ അയച്ചുകൊടുത്തുവെങ്കിലും ബാക്കി തുക കൂടി നല്‍കാതെ പോകാന്‍ അനുവദിക്കില്ലെന്ന് ഇംത്യാസ് വാശിപിടിച്ചു.ഇതോടെയാണ് കുമാരി സാരികള്‍ കൂട്ടിക്കെട്ടി ഫ്‌ളാറ്റില്‍ നിന്ന് പുലര്‍ച്ചെ രക്ഷപ്പെടാന്‍ ശ്രമിച്ചതെന്നാണ് കണ്ടെത്തല്‍.
إرسال تعليق