കോഴിക്കോട് | കോഴിക്കോട് നല്ലളത്ത് തീപ്പിടിത്തത്തില്‍ വീട് കത്തിനശിച്ചു. വീട്ടില്‍ ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തീ പടര്‍ന്ന ഉടനെ ഗ്യാസ് പൊട്ടിത്തെറിച്ച് വന്‍ സ്‌ഫോടനമുണ്ടായത് പ്രദേശവാസികളെ പരിഭ്രാന്തരാക്കി. നല്ലളം തെക്കേ പാടത്തെ കുറ്റിയില്‍ തറ മഞ്ജു ഹൗസില്‍ കമലയുടെ താത്ക്കാലിക പാര്‍പ്പിടമാണ് കത്തിയത്. വീടും അകത്തുണ്ടായിരുന്ന മുഴുവന്‍ വസ്തുക്കളും അഗ്നിക്കിരയായി. സമീപത്തെ തെങ്ങുകള്‍ക്കും നാശമുണ്ടായിട്ടുണ്ട്.
ബുധനാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം. പുതുതായി വീട് പണിയുന്ന കമല താമസിക്കാന്‍ ഇരുമ്പ് ഷീറ്റു കൊണ്ടുണ്ടാക്കിയ പാര്‍പ്പിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. കമലയും മകനും ബന്ധുവീട്ടിലേക്ക് പോയ സമയത്താണ് സംഭവം. മീഞ്ചന്ത സ്റ്റേഷന്‍ ഓഫീസര്‍ ടി വി വിശ്വാസിന്റെ നേതൃത്വത്തിലെത്തിയ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ടീമിന് വാഹനവുമായി സംഭവ സ്ഥലത്തേക്ക് എത്താനായില്ല. തുടര്‍ന്ന് ജീപ്പിലും മറ്റുമായി പോയി നാട്ടുകാരോടൊപ്പം ചേര്‍ന്ന് തീയണക്കുകയായിരുന്നു. നല്ലളം സ്റ്റേഷനില്‍ നിന്ന് വന്‍ പോലീസ് സംഘം സ്ഥലത്തെത്തി. രണ്ട് അലമാരകളില്‍ ആയി സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളും വസ്ത്രങ്ങളും വസ്തുവിന്റെ രേഖകളും ഫര്‍ണിച്ചര്‍ സാധനങ്ങളുമെല്ലാം പൂര്‍ണമായും കത്തിനശിച്ചു.
إرسال تعليق