മഡ്ഗാവ് | ചറപറ ഗോളുകള്‍ പെയ്ത ഐ എസ് എല്ലിലെ 27ാം മത്സരത്തില്‍ ബെംഗളൂരു എഫ് സിയോട് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സിക്ക് തോല്‍വി. മൊത്തം ആറ് ഗോളുകള്‍ പിറന്ന സൂപ്പര്‍ സണ്‍ഡേയിലെ മത്സരത്തില്‍ പതിനേഴാം മിനുട്ടില്‍ തന്നെ ഗോള്‍ നേടി മേധാവിത്വം പുലര്‍ത്താന്‍ മഞ്ഞപ്പടക്ക് സാധിച്ചെങ്കിലും എണ്ണം പറഞ്ഞ നാല് ഗോളുകള്‍ നേടി ബെംഗളൂരു ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്തു. ബെംഗളൂരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ പെനാല്‍റ്റി പാഴായില്ലെങ്കില്‍ മഞ്ഞപ്പടക്കേറ്റ ആഘാതത്തിന്റെ തീവ്രത വര്‍ധിക്കുമായിരുന്നു. രണ്ട് ഗോളുകള്‍ തിരിച്ചടിക്കാനായതില്‍ ബ്ലാസ്‌റ്റേഴ്‌സിന് താത്കാലികമായെങ്കിലും ആശ്വസിക്കാം.
പതിനേഴാം മിനുട്ടില്‍ മലയാളി താരം രാഹുല്‍ കെ പിയാണ് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഗോള്‍ നേടിയത്. എന്നാല്‍ 29ാം മിനുട്ടില്‍ ക്ലീറ്റന്‍ സില്‍വയിലൂടെ ബെംഗളൂരു സമനില പിടിച്ചു. ആദ്യ പകുതി അവസാനിച്ചപ്പോഴും സമനിലയിലായിരുന്നു. എന്നാല്‍ 51ാം മിനുട്ടില്‍ ഒപ്‌സെത് ബെംഗളൂരുവിന്റെ രണ്ടാം ഗോള്‍ നേടി. ഛേത്രിയുടെ പെനാല്‍റ്റി പാഴായത് പരിഹരിക്കുകയായിരുന്നു ഇതിലൂടെ നീലപ്പട. തൊട്ടുടനെ മൂന്നാം ഗോളും 65ാം മിനുട്ടില്‍ നാലാം ഗോളും ബെംഗളൂരു നേടിയതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ പതനം പൂര്‍ത്തിയായി.
ഗാരി ഹൂപറിന്റെ പാസ്സിലാണ് രാഹുല്‍ ഗോള്‍ നേടിയത്. 29ാം മിനുട്ടില്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധു നീട്ടിയടിച്ച പന്ത് തടയാന്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് സാധിക്കാതെ വന്നതോടെ ക്ലീറ്റന്‍ സില്‍വ നീലപ്പടക്ക് വേണ്ടി ആദ്യ ഗോള്‍ നേടി സമനില പിടിച്ചു. 38ാം മിനുട്ടില്‍ ബെംഗളൂരുവിന്റെ യുവാനാന്‍ മത്സരത്തിലെ ആദ്യ മഞ്ഞക്കാര്‍ഡ് കണ്ടു. 45ാം മിനുട്ടില്‍ ബെംഗളൂരുവിന്റെ തന്നെ ആശിഖ് കുരുണിയനും മഞ്ഞക്കാര്‍ഡ് കണ്ടു.
രണ്ടാം പകുതി ആരംഭിച്ചയുടനെ തന്നെ ബെംഗളൂരുവിന് പെനല്‍റ്റിയിലൂടെ ഒന്നാന്തരമൊരു ഗോളടി അവസരം ലഭിച്ചു. കേരളത്തിന്റെ ഗോള്‍മുഖത്തേക്ക് ബോളുമായി കുതിച്ച ക്രിസ്റ്റിയന്‍ ഒപ്‌സെതിനെ ബാകറി കോനെ ബോക്‌സിനുള്ളില്‍ ടാക്കിള്‍ ചെയ്തതോടെയാണ് റഫറി പെനല്‍റ്റി വിധിച്ചത്. എന്നാല്‍, പെനല്‍റ്റി കിക്കെടുത്ത ഛേത്രിക്ക് അത് വലയിലെത്തിക്കാന്‍ സാധിച്ചില്ല. ഛേത്രി ചിപ് ചെയ്ത ബോള്‍ കീപ്പര്‍ ആല്‍ബിനോ ഗോമസ് കൈപ്പിടിയിലൊതുക്കി.
എന്നാല്‍ പെനല്‍റ്റിയുടെ ക്ഷീണം അധികം വൈകാതെ 51ാം മിനുട്ടില്‍ ദിമസ് ദെല്‍ഗാദോയിലൂടെ ബെംഗളൂരു തീര്‍ത്തു. രണ്ട് മിനുട്ട് ആയപ്പോഴേക്കും ക്രിസ്റ്റിയന്‍ ഒപ്‌സെത് മറ്റൊരു ഗോള്‍ നേടി ബെംഗളൂരുവിന്റെ മേധാവിത്വം ഉറപ്പിച്ചു.
പക്ഷേ പത്ത് മിനുട്ടാകും മുമ്പ് 61ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മുര്‍റെ ആശ്വാസ ഗോള്‍ നേടി. എന്നാല്‍ ഇതിന്റെ സന്തോഷം അധികം നീണ്ടുനിന്നില്ല. പെനാല്‍റ്റി പാഴാക്കിയതിന്റെ പരിഹാരമായി 65ാം മിനുട്ടില്‍ ഛേത്രി ഗോള്‍ നേടി. തുടർന്ന് നിരവധി തവണ മഞ്ഞക്കാർഡുകൾ ഉയർന്നു. ബ്ലാസ്റ്റേഴ്സ് പകരക്കാരെ ഇറക്കിയെങ്കിലും പകരം വീട്ടാൻ സാധിച്ചില്ല. റഫറി അഞ്ച് മിനുട്ട് അധിക സമയം അനുവദിച്ചപ്പോഴും ഗോളടിക്കുന്നതിൽ മഞ്ഞപ്പട പരാജയപ്പെട്ടു.
إرسال تعليق