കഞ്ചാവ് കേസിൽ അറസ്റ്റിലായ പ്രതികൾ ഉദ്യോഗസ്ഥരെ അക്രമിച്ച ശേഷം എക്സൈസ് ഓഫീസിലെ ലോക്കപ്പിൽ നിന്ന് ഓടി രക്ഷപ്പെട്ടു

ആലപ്പുഴ: കഞ്ചാവ് കേസിൽ അറസ്റ്റിലായ പ്രതികൾ ഉദ്യോഗസ്ഥരെ അക്രമിച്ച ശേഷം എക്സൈസ് ഓഫീസിലെ ലോക്കപ്പിൽ നിന്ന് ഓടി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ 5:30നാണ് സംഭവം.

25 ഗ്രാം കഞ്ചാവും 4.41 ഗ്രാം എം.ഡി.എമ്മും കൈവശം വെച്ചതിന് മാരാരിക്കുളം റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന് വെള്ളിയാഴ്ച്ച വൈകിട്ട് പിടിയിലായ മണ്ണഞ്ചേരി കണ്ടത്തിൽവെളിയൽ എം.നസ്ലം, എം.നജീം എന്നിവരാണ് രക്ഷപ്പെട്ടത്.

പ്രതികളുടെ ആക്രമണത്തിൽ കണ്ണിന് പരിക്കേറ്റ സിവിൽ എക്സൈസ് ഓഫീസർമാരായ ടി.ഡി.ദീപു, ജോ‌ർജ് പൈവ എന്നിവർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഇന്ന് പുലർച്ചെ ശൗചാലയത്തിൽ പോകണമെന്ന് പ്രതികളിൽ ഒരാൾ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഉദ്യോഗസ്ഥർ ലോക്കപ്പിന്റെ വാതിൽ തുറന്നത്.

ഈ തക്കം നോക്കി ഉദ്യോഗസ്ഥരെ തള്ളിയിട്ട പ്രതികൾ ഓടി മറയുകയായിരുന്നു. പരിസര പ്രദേശങ്ങളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് സൗത്ത് പൊലീസിൽ പരാതി നൽകിയതായി അസിസ്റ്റ്ന്റ് എക്സൈസ് കമ്മീഷണർ അറിയിച്ചു.

Post a Comment

أحدث أقدم