പാലക്കാട്‌ ദുരഭിമാനകൊല: അനീഷിന്റെ ഭാര്യയുടെ അച്‌ഛനും അമ്മാവനും കസ്‌റ്റഡിയിൽ

പാലക്കാട്> തേങ്കുറിശ്ശിയിൽ ദുരഭിമാനകൊല ചെയ്യപ്പെട്ട അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കസ്റ്റഡിയിൽ. ഭാര്യയുടെ അച്ഛൻ കുഴൽമന്ദം സ്വദേശി പ്രഭുകുമാറും അമ്മാവൻ സുരേഷുമാണ് കസ്റ്റഡിയിലായത്. കൊല നടത്തിയ ശേഷം ഒളിവിൽപ്പോയ സുരേഷിനെ കോയമ്പത്തൂരിലെ ബന്ധുവീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇവരുടെ അറസ്റ്റ് ഉടനെയുണ്ടാകും.

അനീഷിനെ ആക്രമിച്ചത് പ്രഭുകുമാറും സുരേഷും ചേർന്നാണെന്ന് കൊലപാതകം നേരിട്ടുകണ്ട അനീഷിന്റെ സഹോദരൻ അരുൺ പറഞ്ഞു. വടിവാളും കമ്പിയും കൊണ്ടാണ് അനീഷിനെ ആക്രമിച്ചത്. ബൈക്കിൽ വരികയായിരുന്ന അനീഷിനെ കമ്പികൊണ്ടടിച്ചുവീഴ്ത്തി വടിവാളു കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. മൂന്ന് മാസത്തിനകം അനീഷിനെ ഇല്ലാതാക്കുമെന്ന് പ്രഭുകുമാർ ഭീഷണി മുഴക്കിയിരുന്നുവെന്ന് അരുൺ പറഞ്ഞു. കല്യാണം കഴിഞ്ഞ് കൃത്യം മൂന്ന് മാസം തികയുന്ന ദിവസമായിരുന്നു ഇന്നലെ.

മൂന്നു മാസം മുമ്പാണ് കൊല്ലൻ സമുദായത്തിൽപ്പെട്ട അനീഷും പിള്ള സമുദായത്തിൽപ്പെട്ട ഹരിതയും തമ്മിൽ വിവാഹിതരായത് .പ്രണയ വിവാഹമായിരുന്നു .പെൺകുട്ടിയുടെ വീട്ടുകാർക്ക് ഈ വിവാഹത്തിനോട് എതിർപ്പായിരുന്നു .

Post a Comment

أحدث أقدم