തേങ്കുറിശ്ശി കൊലപാതകം: പ്രതികളെയുമായി തെളിവെടുത്തു; സൂത്രധാരന്‍ പെണ്‍കുട്ടിയുടെ മുത്തച്ഛനെന്ന്

പാലക്കാട് | തേങ്കുറിശ്ശി കൊലപാതകത്തിലെ പ്രതികളെ സംഭവസ്ഥലത്തും വീട്ടിലും എത്തിച്ച് തെളിവെടുത്തു. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യാ ഹരിതയുടെ പിതാവ് പ്രഭുകുമാര്‍, പ്രഭുകുമാറിന്റെ ഭാര്യാസഹോദരന്‍ സുരേഷ് എന്നിവരെയുമായാണ് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പില്‍ കൊലക്ക് ഉപയോഗിച്ച ആയുധം കണ്ടെടുത്തിട്ടുണ്ട്.

അതിനിടെ, കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ പെണ്‍കുട്ടിയുടെ മുത്തച്ഛനാണെന്ന് യുവാവിന്റെ കുടുംബം ആരോപിച്ചു. പണം നല്‍കി ഹരിതയെ തിരികെ കൊണ്ടുപോകാന്‍ ശ്രമം നടന്നിരുന്നുവെന്നും കുടുംബം പറയുന്നു.

തേങ്കുറിശ്ശി ഇലമന്ദം ആറുമുഖന്റെയും രാധയുടെയും മകനായ അനീഷ് ഹരിതയെ പ്രണയവിവാഹം നടത്തിയതിലുള്ള വൈരാഗ്യമാണ് കൊലക്ക് കാരണമായത്. ഒക്ടോബര്‍ 27-നാണ് ഹരിത അനീഷിനൊപ്പം വീടുവിട്ട് ഇറങ്ങിവന്നത്. അന്നുതന്നെ ഇവര്‍ കുഴല്‍മന്ദം പോലീസ് സ്റ്റേഷനില്‍ ഹാജരായി. അനീഷിനൊപ്പം പോകാന്‍ അനുവദിക്കണമെന്ന 18 വയസ് പൂര്‍ത്തിയായ ഹരിതയുടെ നിയമപരമായ ആവശ്യം പോലീസ് അംഗീകരിച്ചു. ഇവര്‍ ക്ഷേത്രത്തില്‍വെച്ച് താലികെട്ടുകയും ചെയ്തു.

ഹരിതയുടെ കുടുംബത്തിന് ഈ വിവാഹത്തില്‍ താത്പര്യമുണ്ടായിരുന്നില്ല. വിവാഹം നടന്നത് മുതല്‍ അനീഷിനെ ഇവര്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഹരിതയുടെ കഴുത്തില്‍ മൂന്ന് മാസം താലിമാല ഉണ്ടാകില്ലെന്നായിരുന്നു ഭീഷണി. വിവാഹം കഴിഞ്ഞ മൂന്ന് മാസം പൂര്‍ത്തിയാകുന്നതിന്റെ തലേ ദിവസമാണ് അരുംകൊല നടന്നത്.

Post a Comment

أحدث أقدم