തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ പോളിങ് ആരംഭിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യ അകലം പാലിച്ച് വോട്ടർമാർ പോളിങ്ങ് ബൂത്തിലെത്തി. എല്ലാ തിരഞ്ഞെടുപ്പിലും ബിജെപി ശ്രമമായിരുന്നു നടത്തികൊണ്ടിരുന്നത്. ഇത്തവണ ആ ശ്രമം വളരെ ശക്തമായി നടത്തിയിട്ടുണ്ട്. ഇത്തവണ ബിജെപിക്ക് ഗംഭീര വിജയമുണ്ടാകുമെന്നും സമ്മതിദായകർ തീരുമാനിക്കട്ടെയെന്നും സുരേഷ് ഗോപി എം.പി വ്യക്തമാക്കി. തിരുവനന്തപുരത്ത് വോട്ട് രേഖപ്പെടുത്താനെത്തിയതായിരുന്നു അദ്ദേഹം. വളരെ മോശപ്പെട്ട പ്രകടനമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നടത്തിയിരുന്നതെങ്കിൽ ഇപ്രാവശ്യം വളരെ മെച്ചപ്പെട്ടെ വിസ്മയകരമായ മുന്നേറ്റം ഐക്യ ജനാധിപത്യ മുന്നണി കൊല്ലം ജില്ലയിൽ നടത്തുമെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം എൻ.കെ പ്രേമചന്ദ്രൻ എം.പി വ്യക്തമാക്കി. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് പോളിങ്. പോളിങ് ബുത്തിലെത്തുമ്പോൾ തിരിച്ചറിയൽ രേഖകളിലേതെങ്കിലുമൊന്ന് ഹാജരാക്കണം. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ നൽകിയ തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ച എസ്.എസ്.എൽ.സി. ബുക്ക്, ഏതെങ്കിലും ദേശസാത്കൃത ബാങ്കിൽനിന്ന് തിരഞ്ഞെടുപ്പുതീയതിക്ക് ആറുമാസംമുൻപുവരെ നൽകിയ ഫോട്ടോ പതിച്ച പാസ് ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ നൽകിയ തിരിച്ചറിയൽ കാർഡ് എന്നിവ ഉപയോഗിക്കാം. തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിക്കുശേഷം കോവിഡ് പോസിറ്റീവാകുന്നവർക്കും ക്വാറന്റീനിലുള്ളവർക്കും ചൊവ്വാഴ്ച പോളിങ് ബൂത്തിൽ നേരിട്ടെത്തി പി.പി.ഇ.കിറ്റ് ധരിച്ച് വോട്ടുചെയ്യാം. ആരോഗ്യവകുപ്പിനെയും വരണാധികാരിയെയും വോട്ടുചെയ്യുന്ന കാര്യം അറിയിക്കണം. സർക്കാർ ഡോക്ടർ നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലേ വോട്ടുചെയ്യാനാവൂ. ചൊവ്വാഴ്ച വൈകീട്ട് ആറിനുമുൻപ് പോളിങ് ബൂത്തിലെത്തണം. മറ്റു വോട്ടർ വോട്ടുചെയ്തശേഷമേ കോവിഡ് ബാധിതരെ വോട്ടുചെയ്യാൻ അനുവദിക്കൂ. 395 തദ്ദേശ സ്ഥാപനങ്ങളിൽ 6910 വാർഡുകളിലേക്ക് 88,26,873 വോട്ടർമാർ വിധിയെഴുതും. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് പോളിങ്. തിങ്കളാഴ്ച മൂന്നിനുശേഷം കോവിഡ് സ്ഥിരീകരിച്ചവർക്കും ക്വാറന്റീനിലായവർക്കും പി.പി.ഇ. കിറ്റ് ധരിച്ച് ബൂത്തിലെത്തി വൈകീട്ട് ആറുമണിയോടെ വോട്ടുചെയ്യാം. 395 തദ്ദേശ സ്ഥാപനങ്ങളിൽ 6910 വാർഡുകളിലേക്ക് 88,26,873 വോട്ടർമാർ വിധിയെഴുതും. ആകെ വോട്ടർമാരിൽ 41,58,395 പുരുഷന്മാരും 46,68,267 സ്ത്രീകളും 61 ട്രാൻസ്ജെൻഡേഴ്സുമാണ് ഒന്നാംഘട്ടത്തിലുള്ളത്. 150 പ്രവാസി ഭാരതീയരുമുണ്ട്. 42,530 പേർ കന്നിവോട്ടർമാരാണ്. 11,225 പോളിങ് ബൂത്തുകളും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 56,122 ഉദ്യോഗസ്ഥരെയും സജ്ജമാക്കി. 320 പ്രശ്നസാധ്യതാ ബൂത്തുകളിൽ വെബ്കാസ്റ്റിങ് ഏർപ്പെടുത്തി. പോളിങ് സാമഗ്രികളുടെ വിതരണം തിങ്കളാഴ്ച നടന്നു. കൊല്ലം ജില്ലയിലെ പന്മന ഗ്രാമപ്പഞ്ചായത്തിൽ രണ്ടുവാർഡുകളിലും ആലപ്പുഴ ചെട്ടികുളങ്ങര ഗ്രാമപ്പഞ്ചായത്തിലെ ഒരു വാർഡിലും സ്ഥാനാർഥികളുടെ മരണത്തെത്തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റി. തിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ: തിരുവനന്തപുരം- 1727, കൊല്ലം- 1596, പത്തനംതിട്ട- 1042, ആലപ്പുഴ- 1564, ഇടുക്കി- 981. വ്യാഴാഴ്ച രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ പരസ്യപ്രചാരണം ചൊവ്വാഴ്ച വൈകീട്ട് ആറിനു സമാപിക്കും. ബാക്കി നാലു ജില്ലകളിൽ 14-നാണ് തിരഞ്ഞെടുപ്പ്.
Post a Comment