നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നേമത്ത് ഉമ്മൻ ചാണ്ടി മത്സരിക്കണം എന്നത് നിർദേശം മാത്രമാണെന്നും അക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ആരംഭിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്കായി കാസർകോട് എത്തിയതായിരുന്നു രമേശ് ചെന്നിത്തല. കേരളത്തിന്റെ മുഖ്യമന്ത്രി ആരാകണം എന്ന കാര്യം പാർട്ടി ഹൈക്കമാൻഡ് തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും. നേമത്ത് ഇത്തവണ മികച്ച സ്ഥാനാർഥിയെയായിരിക്കും യുഡിഎഫ് നിർത്തുക. ആരായിരിക്കും എന്ന കാര്യം പിന്നീട് തീരുമാനിക്കും. കൂടുതൽ സീറ്റ് വേണമെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടില്ല. എല്ലാ വിഷയങ്ങളും യുഡിഎഫ് ചർച്ച ചെയ്ത് തീരുമാനിക്കും. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ ഒരു പ്രശ്നവും ഉണ്ടാകില്ലെന്നും ചെന്നിത്തല പറഞ്ഞു. ഇന്ന് കുമ്പളയിൽനിന്നാണ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ആരംഭിക്കുന്നത്. വൈകുന്നേരം മൂന്നിന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർക്കാരിന്റെ ദുർഭരണം, അഴിമതി എന്നിവയിൽനിന്നും രക്ഷിച്ച് സമ്പൽസമൃദ്ധിയും ഐശ്വര്യവും നിറഞ്ഞ കേരളമെന്ന മുദ്രാവാക്യം ഉയർത്തിയാണ് യാത്ര സംഘടിപ്പിക്കുന്നത്.
إرسال تعليق