പരാജയ സാധ്യതയും ലീഗ് നേതൃത്വത്തിലെ പടലപ്പിണക്കവും എതിര്‍പ്പും ; പെരിന്തല്‍മണ്ണയില്‍ ഇനിയൊരങ്കത്തിനു മഞ്ഞളാംകുഴി അലിയില്ല

മലപ്പുറം: കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കഷ്ടിച്ചു കടന്നു കൂടിയ പെരിന്തല്‍മണ്ണയില്‍ ഇനിയൊരങ്കത്തിനു മഞ്ഞളാംകുഴി അലിയില്ല. പരാജയ സാധ്യതയും ലീഗ് പ്രാദേശിക നേതൃത്വത്തിലെ പടലപ്പിണക്കവും തന്നോടുള്ള എതിര്‍പ്പുമാണ് അലിയുടെ തീരുമാനത്തിനു പിന്നില്‍. അതേസമയം, മങ്കടയിലേക്ക് പരിഗണിക്കുന്നതായി സൂചനയുണ്ടെങ്കിലും അലിക്ക് താല്‍പര്യം പാര്‍ലമെന്റിനോടാണ്. ഇക്കാര്യം മുതിര്‍ന്ന നേതാക്കളെ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.

മങ്കട, പെരിന്തല്‍മണ്ണ മണ്ഡലങ്ങളില്‍ ഇത്തവണ ശക്തമായ മത്സരത്തിനു സാധ്യതയുണ്ട്. നിയമസഭയിലേക്ക് മത്സരിക്കാന്‍ പി.കെ. കുഞ്ഞാലിക്കുട്ടി രാജിവയ്ക്കുന്ന മലപ്പുറം ലോക്‌സഭാ സീറ്റിലും പി.വി. അബ്ദുല്‍വഹാബ് ഒഴിയുന്ന രാജ്യസഭാ സീറ്റിലുമാണ് അലിയുടെ കണ്ണ്. എന്നാല്‍, ലോക്‌സഭാ സീറ്റ് അലിക്ക് നല്‍കിയാല്‍ ശക്തമായ എതിര്‍പ്പുയര്‍ന്നേക്കും. മണ്ണാര്‍ക്കാട് എം.എല്‍.എ: എന്‍. ഷംസുദ്ദീനെ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാന്‍ നേതൃത്വം പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായി വിവരമുണ്ട്. അങ്ങനയെങ്കില്‍ രാജ്യസഭാ സീറ്റിനായി അലി സമ്മര്‍ദം ശക്തമാക്കും. രാജ്യസഭ വിടുന്ന അബ്ദുല്‍വഹാബ് മഞ്ചേരി, ഏറനാട് മണ്ഡലങ്ങളിലൊന്നാണ് ലക്ഷ്യമിടുന്നത്.

ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി കെ.പി.എ. മജീദ് മലപ്പുറം നിയമസഭാ മണ്ഡലത്തില്‍നിന്ന് ഇത്തവണ ജനവിധി തേടുമെന്ന ചര്‍ച്ച സജീവമാണ്. ഇതുണ്ടായില്ലെങ്കില്‍ രാജ്യസഭാ സീറ്റിലേക്ക് മജീദിനെ പരിഗണിച്ചേക്കും. ലോക്‌സഭാ, രാജ്യസഭാ സീറ്റുകളില്‍ ഏതെങ്കിലും ഒന്ന് സംബന്ധിച്ച് നേതൃത്വത്തിന്റെ ഉറപ്പ് ലഭിച്ചാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍നിന്ന് അലി മാറിനില്‍ക്കും. അല്ലെങ്കില്‍ മങ്കടയില്‍ മത്സരിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞതവണ അഹമ്മദ് കബീറിനോട് 1250 വോട്ടിന് മാത്രം തോറ്റ അഡ്വ. ടി.കെ റഷീദലിയെ മങ്കടയില്‍ വീണ്ടും പരീക്ഷിക്കാനാണ് എല്‍.ഡി.എഫ്. നീക്കം.

മുമ്പ് രണ്ടുതവണ മങ്കടയില്‍നിന്നു മത്സരിച്ച അലി ഇവിടെ മത്സരിച്ചാലും ഇത്തവണ പോരാട്ടം കടുക്കും. അതേസമയം, ഇ.എം.എസിന്റെ ജന്മനാടായ പെരിന്തല്‍മണ്ണ പിടിക്കാന്‍ ഇത്തവണയും മുന്‍ എം.എല്‍.എ. വി.ശശികുമാറിനെ രംഗത്തിറക്കാനാണ് എല്‍.ഡി.എഫ്. നീക്കം. ജനകീയനായ ശശികുമാറിലൂടെ പെരിന്തല്‍മണ്ണ വീണ്ടും ചുവപ്പിക്കാമെന്നു സി.പി.എം. കണക്കുകൂട്ടുന്നു. ലീഗ് പ്രാദേശിക നേതൃത്വത്തിലെ ചേരിപ്പോര് തങ്ങള്‍ക്കു ഗുണകരമാകുമെന്ന പ്രതീക്ഷയും അവര്‍ക്കുണ്ട്.

ശക്തമായ വോരോട്ടമുള്ള മണ്ഡലമാണ് പെരിന്തല്‍മണ്ണയെങ്കിലും 1970 ന് ശേഷം 2006 ല്‍ മാത്രമാണ് ഇവിടെ സി.പി.എം. വിജയിച്ചിട്ടുള്ളത്. ലീഗിന്റെ ഹമീദ് മാസ്റ്ററെ തോല്‍പ്പിച്ചാണ് അന്നു വി. ശശികുമാര്‍ മണ്ഡലത്തില്‍ ചെങ്കൊടി പാറിച്ചത്. 2011 ലെ മണ്ഡല പുനര്‍നിര്‍ണയത്തിനുശേഷം അലിയിലൂടെ ലീഗ് പെരിന്തല്‍മണ്ണ തിരിച്ചുപിടിച്ചു. 2016 ല്‍ കേവലം 579 വോട്ടിന്റെ ഭൂരിപക്ഷം മാത്രമായിരുന്നു അലിക്ക്. എന്നാല്‍, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി ഇവിടെ 23,038 വോട്ടിന് ലീഡ് ചെയ്തു. ഇക്കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിലെ വോട്ട് കണക്കില്‍ എല്‍.ഡി.എഫിന് 267 വോട്ടിന്റെ മുന്‍തൂക്കമുണ്ട്.

മണ്ഡലത്തിലെ ഏഴു തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നാലിടത്തും എല്‍.ഡി.എഫിനാണ് മേല്‍െക്കെ. പെരിന്തല്‍മണ്ണ നഗരസഭയും പുലാമന്തോള്‍, താഴേക്കോട്, മേലാറ്റൂര്‍ പഞ്ചായത്തുകളും എല്‍.ഡി.എഫിനൊപ്പം നല്‍ക്കുമ്പോള്‍ ഏലംകുളം, വെട്ടത്തൂര്‍, ആലിപ്പറമ്പ് പഞ്ചായത്തുകളില്‍ യു.ഡി.എഫാണു മുന്നില്‍. ഇതെല്ലാം പരിഗണിക്കുമ്പോള്‍ ആഞ്ഞുപിടിച്ചാല്‍ പെരിന്തല്‍മണ്ണ വീഴുമെന്നു സി.പി.എം. പ്രതീക്ഷിക്കുന്നു. അതേസമയം, കെ.പി.എ. മജീദ് മത്സരിക്കുകയാണെങ്കില്‍ തന്നെയും നിയമസഭാ തെരഞ്ഞെടുപ്പില്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന ലീഗ് നേതാവും മുന്‍വിദ്യാഭ്യാസ മന്ത്രിയുമായ നാലകത്ത് സൂപ്പിയും നേതൃത്വത്തെ സമീപിച്ചതായി സൂചനയുണ്ട്

Post a Comment

أحدث أقدم