രാഷ്ട്രീയത്തിലേക്ക് ഇനിയില്ല, എത്ര ശ്രമം നടത്തിയിട്ടും കാര്യമില്ല’; ആരാധകരോട് രജനികാന്ത്

 രജനികാന്തിന്റെ രാഷ്ട്രീയ പന്‍മാറ്റത്തെ തുടര്‍ന്ന് ചെന്നൈയില്‍ പ്രതിഷേധം തുടരുകയാണ്. രജനികാന്ത് തീരുമാനത്തില്‍ പിന്‍മാറണമെന്നാണ് ഇവരുടെ ആവശ്യം. ഇതിന് പിന്നാലെ തന്നെ സമ്മര്‍ദ്ദത്തിലാക്കരുതെന്നും, പ്രതിഷേധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് രജനികാന്ത് മുന്നോട്ട് വന്നിരിക്കുകയാണ്. ട്വിറ്ററില്‍ പങ്കുവെച്ച ഔദ്യോഗിക പത്രക്കുറിപ്പിലാണ് രജനികാന്ത് ഇക്കാര്യം പറഞ്ഞത്.


രജനികാന്ത് തീരുമാനം മാറ്റണമെന്ന ആവശ്യവുമായി തമിഴ്‌നാടിന്റെ പല ഭാഗങ്ങളിലായാണ് ആരാധകര്‍ സമരം നടത്തുന്നത്. ചെന്നൈയിലെ താരത്തിന്റെ വസതിയ്ക്ക് മുന്നില്‍ സമരം ചെയ്തിരുന്ന ആരാധകരിലൊരാള്‍ സ്വയം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയുണ്ടായി. ഇതിപ്പോള്‍ നടക്കുന്ന സമരം മാത്രമാണെന്നും രജനികാന്ത് തീരുമാനം മാറ്റാത്തപക്ഷം സംസ്ഥാനത്തിലുടനീളം സമരം നടത്തുമെന്നാണ് ആരാധകര്‍ പറയുന്നത്.


ഡിസംബര്‍ 31ന് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് രജനി നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ വൃക്ക സംബന്ധമായ ആരോഗ്യപ്രശ്നങ്ങള്‍ മൂലം രജനീകാന്ത് പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇനി രാഷ്ട്രീയത്തിലേക്കില്ലെന്നും നിരാശയോടെയാണ് തീരുമാനം അറിയിക്കുന്നതെന്നുമാണ് താരം ട്വിറ്ററില്‍ കുറിച്ചത്. വാക്ക് പാലിക്കാനാകാത്തതില്‍ കടുത്ത വേദനയുണ്ടെന്നും താരം പറഞ്ഞിരുന്നു.


ബി.ജെ.പി യുടെ അകമഴിഞ്ഞ സഹായം പരോക്ഷമായി ലഭിക്കുക കൂടി ചെയ്തതോടെ പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമെന്ന് തന്നെയായിരുന്നു രാഷ്ട്രീയ നിരീക്ഷകരടക്കം കരുതിയിരുന്നത്. എന്നാല്‍, എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട്, തീരുമാനത്തില്‍ നിന്ന് പിന്‍മാറുന്നതായി രജനി പ്രഖ്യാപിക്കുകയായിരുന്നു.


Post a Comment

أحدث أقدم