കുട്ടികള്‍ക്ക് അപകടം പിണയരുതെന്ന് കരുതി പന്തെടുത്ത് കൊടുക്കാന്‍ പുഴയിലിറങ്ങി, യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: പുഴയില്‍ വീണമ പന്തെടുക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥിക്ക് ഒഴുക്കില്‍ പെട്ട് ദാരുണാന്ത്യം. കരുവന്‍തിരുത്തി വേട്ടുവന്‍തൊടി അബ്ദുള്‍ ഗഫൂറിന്റെ മകന്‍ മുര്‍ഷിദ് എന്ന 18 കാരനാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം. ചാലിയാറിന്റെ കൈവഴിയായ ഓലശ്ശേരി കടവിലാണ് യുവാവ് ഒഴുക്കില്‍ പെട്ടത്.

കുട്ടികള്‍ പന്തുകളിച്ചുകൊണ്ടിരിക്കെ പന്ത് പുഴയില്‍ വീണു. അതുവഴി പോവുകയായിരുന്നു മുര്‍ഷീദ് അവര്‍ക്ക് പന്തെടുത്ത് കൊടുക്കാന്‍ പുഴയില്‍ ഇറങ്ങി. ഇതിനിടെ ശക്തമായ ഒഴുക്കില്‍ പെട്ട് മുര്‍ഷീദ് മുങ്ങി പോയി. മീഞ്ചന്ത ഫയര്‍ഫോഴ്‌സും നാട്ടുകാരും കോസ്റ്റ് ഗാര്‍ഡും ഫറോക്ക് പൊലീസും നടത്തിയ തിരച്ചിലിനൊടുവില്‍ രാത്രി 8.15ഓടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി. .

കുട്ടികള്‍ക്ക് അപകടം പിണയരുതെന്ന് കരുതിയാണ് മുര്‍ഷിദ് പന്തെടുത്ത് കൊടുക്കാന്‍ പുഴയിലേക്ക് ഇറങ്ങിയത്. എന്നാല്‍, പുഴയിലെ ശക്തമായ ഒഴുക്കില്‍ മുര്‍ഷിദ് അകപ്പെടുകയായിരുന്നു. പുഴയോരത്ത് നിന്നിരുന്ന കുട്ടികള്‍ മുര്‍ഷിദ് മുങ്ങി താഴുന്നത് കണ്ട് അലറി വിളിച്ചു. കുട്ടികളുടെ നിലവിളി കേട്ട് തോണിയുമായി എത്തിയ മത്സ്യത്തൊഴിലാളി രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും മുര്‍ഷിദ് മുങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തി.

മാതാവ്: സലീന. സഹോദരങ്ങള്‍: മുബഷിര്‍, അബ്ദുള്‍ ഫത്താഹ്, നബുഹാന്‍, മുഫീദ. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

Post a Comment

أحدث أقدم