തിരഞ്ഞെടുപ്പ് പരാജയം: മൂന്നിടങ്ങളിൽ ലീഗ് കമ്മിറ്റികൾ പിരിച്ചുവിട്ടു

മലപ്പുറം | തദ്ദേശ തിരഞ്ഞെടുപ്പിൽ, മുസ്‌ലിം ലീഗിന്റെയും യു ഡി എഫിന്റെയും നേതൃത്വത്തിൽ ഭരണ സമിതി നിലവിലുണ്ടായിരുന്ന സ്ഥലങ്ങളിൽ പരാജയം നേരിട്ട പ്രദേശങ്ങളിലെ പഞ്ചായത്ത്, മുനിസിപ്പൽ കമ്മിറ്റികളെ പിരിച്ചുവിട്ടു.

ജില്ലാ കമ്മിറ്റി നിയോഗിച്ച ഉപസമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിലമ്പൂർ മുനിസിപ്പൽ കമ്മിറ്റി, വെളിയങ്കോട്, ആലങ്കോട് പഞ്ചായത്ത് എന്നിവയാണ് പിരിച്ചുവിട്ട കമ്മിറ്റികൾ. മറ്റ് പഞ്ചായത്തുകളിലും വരും ദിവസങ്ങളിൽ തുടർനടപടികളുണ്ടാകും.

യു ഡി എഫ് ഭരിച്ചിരുന്ന നിലമ്പൂർ നഗരസഭ മുന്നണിയിലെ ഭിന്നത കാരണം എൽ ഡി എഫ് പിടിച്ചെടുക്കുന്ന സാഹചര്യമുണ്ടായത് പാർട്ടിക്കും മുന്നണിക്കും കനത്ത തിരിച്ചടിയായിരുന്നു. ഇത് ജില്ലക്കകത്തും പുറത്തും വലിയ ചർച്ചയായിരുന്നു.

വെളിയങ്കോട് 16-ാം വാർഡിൽ ലീഗ് സ്ഥാനാർഥിയെ തോൽപ്പിച്ച് യു ഡി എഫ് വിമതയാണ് വിജയിച്ചത്. ഗ്രാമപഞ്ചായത്തിലെ കക്ഷിനില പ്രകാരം യു ഡി എഫ് എട്ട്, എൽ ഡി എഫ് ഒമ്പത്, വിമത ഒന്ന് എന്നിങ്ങനെയാണ്. ഇതിൽ വിമത പിന്തുണ യു ഡി എഫിന് ലഭിക്കുകയായിരുന്നു. തുടർന്ന് നടന്ന നറുക്കെടുപ്പിൽ യു ഡി എഫ് ഭരണം നേടി. കല്ലാട്ടിൽ ഷംസു പ്രസിഡന്റായി.

ആലങ്കോട് പഞ്ചായത്തിലും വാർഡ് തലങ്ങളിലെ ഭിന്നതയാണ് പരാജയത്തിന് കാരണമെന്നാണ് ഉപസമിതി വിലയിരുത്തൽ. 19 സീറ്റിൽ എട്ട് സീറ്റാണ് യു ഡി എഫിന് ലഭിച്ചത്. 11 സീറ്റോടെ എൽ ഡി എഫാണ് പഞ്ചായത്ത് ഭരിക്കുന്നത്.

Post a Comment

أحدث أقدم