കൊച്ചി | ഒന്നര വര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ ഇന്ന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. രാവിലെ 11ന് ജസ്റ്റിന് നാരായണ കുറുപ്പ് കമ്മീഷനാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഇരുന്നൂറോളം പേജുകളും അറുപത് സാക്ഷികളും ഉള്‍പ്പെടുന്നതാണ് റിപ്പാര്‍ട്ട്.
2019 ജൂണ് 12നാണ് ഹരിതാ ഫിനാന്‍സ് ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് വാഗമണ്‍ സ്വദേശി രാജ്കുമാറിനെ നെടുങ്കണ്ടം പോലീസ് പിടികൂടുന്നത്. എന്നാല്‍ കസ്റ്റഡി രേഖപ്പെടുത്താതെ പണം വീണ്ടെടുക്കാനെന്ന പേരില്‍ നാല് ദിവസം ക്രൂരമായി മര്‍ദ്ദിച്ചു. ഒടുവില്‍ ജീവച്ഛവമായപ്പോള്‍ മജിസ്‌ട്രേറ്റിനെ പോലും കബളിപ്പിച്ച് പീരുമേട് ജയിലില്‍ റിമാന്‍ഡ് ചെയ്തു. ആരോഗ്യസ്ഥിതി വഷളായ രാജ്കുമാര്‍ ജൂണ് 21ന് ജയിലില്‍ വച്ചാണ് മരിക്കുന്നത്.
കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടത്തു. നെടുങ്കണ്ടം സ്റ്റേഷനിലെ എസ്‌ഐ സാബു അടക്കമുള്ള 7 പൊലീസുകാരെ അറസ്റ്റും ചെയ്തു. എന്നാല്‍ ജില്ലാ പോലീസ് മേധാവി അടക്കമുള്ളവര്‍ കുറ്റാരോപിതരായ കേസ് പോലീസ് തന്നെ അന്വേഷിക്കുന്നതിനെതിരെ പരാതി ഉയര്‍ന്നതോടെയാണ് ജൂലൈ നാലിന് ജുഡീഷ്യല്‍ കമ്മീഷനെ സമാന്തര അന്വേഷണത്തിന് സര്‍ക്കാര്‍ നിയോഗിച്ചത്.
കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം ജൂലൈ 29ന് രാജ്കുമാറിന്റെ മൃതദേഹം പുറത്തെടുത്ത് റീപോസ്റ്റുമോര്‍ട്ടം ചെയ്തു. രാജ് കുമാറിന്റെ മരണം ന്യുമോണിയ മൂലമെന്ന ആദ്യ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തള്ളുന്നതായിരുന്നു രണ്ടാം റിപ്പോര്‍ട്ട്. ആദ്യ സര്‍ജന്‍മാര്‍ മനപ്പൂര്‍വം കൃത്രിമം കാണിച്ചുവെന്നും കമ്മീഷന്‍ കണ്ടെത്തി. അതേസമയം കഴിഞ്ഞ വര്‍ഷം ആദ്യം കേസ് ഏറ്റെടുത്ത സിബിഐയുടെ അന്വേഷണവും അവസാന ഘട്ടത്തിലാണ്
إرسال تعليق