cpim

തിരുവനന്തപുരം | എന്‍ ഡി എ നേതാവായിരുന്ന പി സി തോമസിന്റെ കേരള കോണ്‍ഗ്രസില്‍ പി ജെ ജോസഫ് വിഭാഗം ലയിച്ച് ആര്‍ എസ് എസ് അജന്‍ഡയുടെ ഭാഗമാണെന്ന് സി പി എം പി ബി അംഗം കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിലെ ക്രൈസ്തവ വോട്ടുകളില്‍ കണ്ണുവച്ചാണ് ഇങ്ങനെയൊരു നീക്കം ആര്‍ എസ് എസ് നടത്തുന്നത്. വോട്ട് തട്ടാന്‍ നേരത്തെ ബി ജെ പി ക്രൈസ്തവ സഭകളുമായി ചര്‍ച്ച നടത്തിയിരുന്നു. ആ നീക്കം പരാജയപ്പെട്ടതോടെ കേരള കോണ്‍ഗ്രസ് ലയനത്തിന് ആര്‍ എസ് എസ് വഴിയൊരുക്കുകയായിരുന്നു. ക്രൈസ്തവ വോട്ട് ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നുംകോടിയേരി പറഞ്ഞു. ഇ എം എസിന്റെ 23-ാം ചരമദിനത്തില്‍ തിരുവനന്തപുരത്തെ ഇ എം എസ് പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി പ്രസംഗിക്കുകയായിരുന്നു കോടിയേരി.

എല്‍ ഡി എഫിന് ഭരണതുടര്‍ച്ച വേണമെന്ന് ജനം ആഗ്രഹിക്കുന്നു. എന്നാല്‍ ഇത് തടയാന്‍ ജമാഅത്തെ ഇസ്ലാമിയുമായും ആര്‍ എസ് എസുമായും യു ഡി എഫ് കൈകോര്‍ക്കുകയാണ്. രഹസ്യ ധാരണയുടെ പുറത്താണ് പല കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും മത്സരിക്കുന്നത്. വര്‍ഗീയ ദ്രുവീകരണമാണ് യു ഡി എഫ് ലക്ഷ്യം. നേമത്ത് ശക്തനെ നിര്‍ത്തുമെന്ന് കോണ്‍ഗ്രസ് പറഞ്ഞു. എന്നാല്‍ അത്ര ശക്തന്‍ ഒന്നുമല്ല വന്നത്. പലയിടങ്ങളിലും തോറ്റ ആളാണ്. വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ സി പി എം – ബി ജെ പി ധാരണയുണ്ടായെന്ന് കെ മുരളീധരന്‍ പറയുന്നു. അങ്ങനെയെങ്കില്‍ യു ഡി എഫിന് വോട്ട് എങ്ങനെ കുറഞ്ഞുവെന്നത് മുരളീധരന്‍ വ്യക്തമാക്കണം.

തൃപ്പൂണിത്തുറയിലെ യു ഡി എഫ് സ്ഥാനാര്‍ഥിയായി കെ ബാബുവിനെ നിശ്ചയിച്ചത് ആര്‍ എസ് എസാണ്. ആര്‍ എസ് എസ് – സിപിഎം രഹസ്യധാരണ ആരോപിക്കുന്ന ബാലശങ്കറിന് കേരളത്തെക്കുറിച്ചൊന്നും അറിയില്ല. സീറ്റ് കിട്ടാത്തതിലുള്ള ജാള്യത മറക്കാനാണ് അയാളുടെ പ്രസ്താവന. ചെങ്ങന്നൂരിലും കോന്നിയിലും ആറന്മുളയിലും ബി ജെ പിയെ തോല്‍പിച്ചാണ് ഇടതുമുന്നണി വിജയിച്ചത്. ആര്‍ എസ് എസ് സഹായം കൊണ്ട് ജയിക്കുകയാണെങ്കില്‍ ഒരു സീറ്റും സി പി എമ്മിന് വേണ്ട.

ധര്‍മ്മടത്തെ രാഷ്ട്രീയ യാഥാര്‍ഥ്യം ബോധ്യമുള്ളതുകൊണ്ടാണ് കെ സുധാകരന്‍ മത്സര രംഗത്ത് നിന്നും പിന്‍മാറിയത്. ഹൈക്കമാന്‍ഡ് നിശ്ചയിച്ച സ്ഥാനാര്‍ഥിയാണ് ധര്‍മ്മടത്ത് നിന്ന് പിന്‍മാറിയതെന്നും കോടിയേരി പരിഹസിച്ചു.

 

 

Post a Comment

أحدث أقدم