വനിതകളുടെ സ്ഥാനാർഥിത്വം: എതിർപ്പില്ലെന്ന് മുസ്‌ലിം ലീഗിനോട് ചേളാരി സമസ്ത

മഞ്ചേരി: 
അനിവാര്യമായ സാഹചര്യങ്ങളിൽ വനിതകളെ തിരഞ്ഞെടുപ്പിൽ മത്സരരംഗത്തിറക്കുന്നതിൽ എതിർപ്പില്ലെന്ന് മുസ്‌ലിംലീഗിനോട് സമസ്ത. സംവരണ സീറ്റുകളിൽ മാത്രമല്ല, ചിലപ്പോൾ ജനറൽ സീറ്റുകളിലും സ്ത്രീകളെ സ്ഥാനാർഥിയാക്കുന്നത് തെറ്റാണെന്നു പറയാനികില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇ.കെ. വിഭാഗം) അധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി. ഒരു പത്രത്തിന്റെ ഓൺലൈന്‌ നൽകിയ അഭിമുഖത്തിലാണ് സമസ്ത അധ്യക്ഷൻ ഇക്കാര്യം പറഞ്ഞത്. ലീഗ് വനിതകളെ സ്ഥാനാർഥിയാക്കാത്തതിനു പിന്നിൽ സമസ്തയുടെ സമ്മർദമാണെന്ന ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിലാണ് മുത്തുക്കോയ തങ്ങൾ നിലപാട് വ്യക്തമാക്കിയത്.’വനിതാസ്ഥാനാർഥികളെ നിർത്തുന്നതിനെതിരേ സമസ്ത കണ്ണുരുട്ടിയിട്ടില്ല. ചിലർ അതിന്റെ മതപരമായ വീക്ഷണം പറഞ്ഞിട്ടുണ്ടാകാം. എന്നാൽ മുസ്‌ലിം പേരുണ്ടെങ്കിലും ലീഗ് മതേതരസ്വഭാവമുള്ള പാർട്ടിയാണ്. അവർക്ക് സ്ഥാനാർഥികളെ സംവരണസീറ്റിലേക്കും അല്ലാതെയും പരിഗണിക്കേണ്ടിവരും.
 അങ്ങനെ പരിഗണിച്ചില്ലെങ്കിൽ അവരുടെ ശക്തി നഷ്ടപ്പെടുകയോ പരിഹസിക്കപ്പെടുകയോ ചെയ്യാം. ഇത്തരം സാഹചര്യങ്ങളിൽ അവർ സ്ത്രീകളെ പരിഗണിച്ചാൽ തെറ്റുപറയാനാകില്ല’ -ജിഫ്രി തങ്ങൾ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ലീഗ് നേതാക്കൾ സമസ്തയുടെ അഭിപ്രായം ചോദിച്ചിരുന്നുവെന്നും പാർട്ടിയുടെ നിലനിൽപ്പിന് ആവശ്യമാണെങ്കിൽ സമസ്തയ്ക്ക് അതിൽ എതിർപ്പില്ലെന്നു മറുപടി നൽകിയതായും മുത്തുക്കോയ തങ്ങൾ പറഞ്ഞു. സംവരണസീറ്റിലൊഴികെ സ്ത്രീകൾ മത്സരിക്കുന്നത് സമസ്ത നേരത്തേ പ്രോത്സാഹിപ്പിക്കാറില്ല. സംവരണം രാജ്യത്തിന്റെ നിയമമാണെന്നും അതനുസരിക്കൽ വിശ്വാസികളുടെ കടമയാണെന്നുമായിരുന്നു ഇതിനുള്ള വിശദീകരണം. എന്നാൽ മറ്റുസാഹചര്യങ്ങളിലും സ്ത്രീ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനെ എതിർക്കേണ്ടതില്ലെന്ന നിലപാടിലേക്ക് സമസ്ത മാറുന്നുവെന്നതാണ് ജിഫ്രി തങ്ങളുടെ ഇപ്പോഴത്തെ നിലപാട് വ്യക്തമാക്കുന്നത്. കോഴിക്കോട് സൗത്തിലെ യു.ഡി.എഫ്. സ്ഥാനാർഥി നൂർബിന റഷീദ് കഴിഞ്ഞദിവസം ജിഫ്രി തങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.


Post a Comment

أحدث أقدم