വീണ്ടും ലോക്ക്ഡൗണ്‍: നിയന്ത്രണങ്ങൾ കര്‍ശനമാക്കി സംസ്ഥാനങ്ങൾ, മധ്യപ്രദേശില്‍ മൂന്ന് നഗരങ്ങളില്‍ ലോക്ക്ഡൗണ്‍

രാജ്യത്ത് കോവിഡിൻറെ രണ്ടാം തരം​ഗ മുന്നറിയിപ്പിനെത്തുടർന്ന് പല സംസ്ഥാനങ്ങളിലും നിയന്ത്രണം കടുപ്പിക്കുന്നു. മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി അയല്‍ സംസ്ഥാനമായ മധ്യപ്രദേശില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മാസങ്ങള്‍ക്ക് ശേഷം ആദ്യമായിട്ടാണ് രാജ്യത്ത് ഒരു സംസ്ഥാനം ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് പ്രധാന നഗരങ്ങളായ ഇന്‍ഡോര്‍, ഭോപ്പാല്‍, ജബല്‍പ്പൂര്‍ നഗരങ്ങളില്‍ എല്ലാ ഞായറാഴ്ചയും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് 21 ഞായറാഴ്ചയാണ് ആദ്യത്തെ നിയന്ത്രണം.

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും കോളജുകളും മാര്‍ച്ച് 31 വരെ അടച്ചിടാന്‍ സര്‍ക്കാര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഈ മൂന്ന് നഗരങ്ങളിലും എല്ലാ ഞായറാഴ്ചയും ലോക്ക്ഡൗണ്‍ തുടരുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

അതേസമയം കർണാടക അതിർത്തിയിൽ കോവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്ത യാത്രക്കാരെ ഇന്ന് മുതൽ കടത്തിവിടില്ല. തലപ്പാടിയിൽ കെഎസ്ആർടിസി ബസുകളിലടക്കം വാഹനപരിശോധന ശക്തമാക്കുമെന്നും കർണാടക ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. കർണാടക ഇതിനു മുമ്പ് പലതവണ നിയന്ത്രണങ്ങൾ കടുപ്പിച്ചിരുന്നവെങ്കിലും കോടതി ഉത്തരവിനെയും പ്രതിഷേധങ്ങളെയും തുടർന്ന് ഒഴിവാക്കുകയായിരുന്നു. നിയന്ത്രണങ്ങൾ അടിയന്തര ചികിത്സയ്ക്ക് പോകുന്നവരെ ബാധിക്കുമെന്ന് ആശങ്ക ഉയരുന്നുണ്ട്. അതേസമയം, കോവിഡ് ജാഗ്രത ശക്തമാക്കാന്‍ കേന്ദ്രസർക്കാരും നിർദ്ദേശിച്ചിട്ടുണ്ട്.


Post a Comment

أحدث أقدم