ആലപ്പുഴ: റേഷൻ സാധനങ്ങളുടെ സംഭരണത്തിന്റെയും വിതരണത്തിന്റെയും ചുമതലയിൽനിന്ന് സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) പിൻമാറുന്നു. ഓരോ താലൂക്കിലെയും റേഷൻ സംഭരണവും വിതരണവും സാമ്പത്തിക നഷ്ടവും മറ്റുപ്രയാസങ്ങളും ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പിൻമാറ്റം. സപ്ലൈകോ മാനേജിങ് ഡയറക്ടർ ഇക്കാര്യം സർക്കാരിനെ രേഖാമൂലം അറിയിച്ചു. റേഷൻ സംഭരണവും വിതരണവും സർക്കാർ നേരിട്ട് ഏറ്റെടുക്കണമെന്നും സപ്ലൈകോ ശുപാർശ ചെയ്തിട്ടുണ്ട്. അതിന്റെ സാധ്യതാ റിപ്പോർട്ട് സമർപ്പിക്കാനായി ഉപസമിതിയെ നിയോഗിക്കാൻ പൊതുവിതരണ വകുപ്പിനോട് സർക്കാർ നിർദേശിച്ചു. വിതരണവും സംഭരണവും വകുപ്പ് ഏറ്റെടുക്കുമ്പോൾ ഉണ്ടാകാനിടയുള്ള പ്രശ്നങ്ങളും അതിനുള്ള പരിഹാരങ്ങളും ഉടൻ സമർപ്പിക്കാനാണ് ജില്ലാ സപ്ലൈ ഓഫീസർമാരോട് ആവശ്യപ്പെട്ടിട്ടുള്ളത്. ദേശീയ ഭക്ഷ്യഭദ്രതാനിയമം നടപ്പാക്കിയപ്പോഴാണ് സംഭരണത്തിന്റെയും വിതരണത്തിന്റെയും നോഡൽ ഏജൻസിയായി സപ്ലൈകോയെ സർക്കാർ ചുമതലപ്പെടുത്തിയത്. സ്വകാര്യ മൊത്തവിതരണക്കാരെ ഒഴിവാക്കിയായിരുന്നു ഇത്. അതോടെ റേഷൻ ധാന്യങ്ങൾ സംഭരിക്കാൻ കൂടുതൽ ഗോഡൗണുകളും (എൻ.എഫ്.എസ്.എ. ഗോഡൗണുകൾ) കൂടുതൽ ജീവനക്കാരെയും സപ്ലൈകോയ്ക്ക് കണ്ടെത്തേണ്ടിവന്നു. എന്നാൽ, അതിലൂടെ ലാഭമൊന്നുമുണ്ടായില്ല. അതിനിടെ റേഷൻതിരിമറി നടത്തിയെന്ന ചീത്തപ്പേരും കേൾക്കേണ്ടി വന്നു. സംസ്ഥാനത്തെ എൻ.എഫ്.എസ്.എ. ഗോഡൗണുകളിൽനിന്ന് 1000 ടണ്ണോളം ഭക്ഷ്യധാന്യങ്ങളാണ് പലപ്പോഴായി കാണാതായത്. അതുമായി ബന്ധപ്പെട്ട് കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തെങ്കിലും ചീത്തപ്പേരു പോയില്ല. റേഷൻ വാതിൽപ്പടിവിതരണ കരാർ നൽകിയതുമായി ബന്ധപ്പെട്ട് കോടതി കയറേണ്ടിയുംവന്നു. ഇതെല്ലാമാണ് പിൻമാറ്റത്തിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഭക്ഷ്യഭദ്രതാ നിയമമനുസരിച്ച് സ്വകാര്യ മേഖലയ്ക്ക് വിതരണച്ചുമതല നൽകാൻ കഴിയില്ല. അതുകൊണ്ട് പൊതുവിതരണവകുപ്പു തന്നെ വിതരണച്ചുമതല ഏറ്റെടുക്കാനാണ് സാധ്യത. അല്ലെങ്കിൽ സർക്കാർ തലത്തിൽ അതിനായി പ്രത്യേക ഏജൻസി രൂപവത്കരിക്കേണ്ടി വരും.
إرسال تعليق