ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബിൽ ഇനി ഓൺലൈൻ വഴി മാത്രം

കൊച്ചി: ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകൾ ഇനി ഓൺലൈനിലൂടെ മാത്രമേ അടയ്ക്കാൻ കഴിയൂ. തുടക്കത്തിൽ ക്യാഷ് കൗണ്ടറുകളിൽ ബിൽ അടയ്ക്കാൻ അനുവദിച്ചേക്കുമെങ്കിലും സംവിധാനം പൂര്‍ണമായി ഓൺലൈനിലേക്ക് വഴി മാറ്റുമെന്ന് റിപ്പോര്‍ട്ട്. ഒന്ന്, രണ്ട് തവണ മാത്രമായിരിക്കും ഇത്തരത്തിൽ ക്യാഷ് കൗണ്ടറിൽ അടയ്ക്കാൻ സാധിക്കുക. ഓൺലൈൻ പേയ്‌മെൻറ് സംവിധാനം വ്യാപകമാക്കുകയാണ് ലക്ഷ്യം.

ഇതിന്റെ ഭാഗമായി ആയിരത്തിന് മുകളിലുള്ള തുക കാഷ് കൗണ്ടർ വഴി സ്വീകരിക്കാൻ കഴിയാത്തവിധത്തിൽ സോഫ്റ്റ്‌വേറിൽ മാറ്റംവരുത്തും. ഇതുവഴി ഇത് ക്യാഷ്യര്‍ തസ്തികൾ കുറക്കുന്നതിനും സാധിക്കും. വൈദ്യുതിബോർഡിലെ വിവിധ തസ്തികയിലുള്ള അഞ്ഞൂറ്റിയെഴുപത്തിമൂന്നു പേർ ഈ മാസം വിരമിക്കുന്നുണ്ട്. ഒഴിവുവരുന്ന തസ്തികകളിലേക്ക് കാഷ്യർമാർക്ക് പ്രമോഷൻ ലഭിക്കാനുള്ള സാധ്യതയും തെളിയുന്നുണ്ട്.

പുതിയ തീരുമാനത്തിലൂടെ ഉപയോക്താക്കൾ വൈദ്യുത ഓഫീസുകൾ നേരിട്ട് സന്ദർശിക്കുന്നത് ഒഴിവാക്കാനുമാകും. ഉപഭോക്താവിന് കെഎസ്ഇബി ഓഫീസിൽ എത്താതെ തന്നെ ഓൺലൈനായി സേവനങ്ങൾ പ്രയോജനപ്പെടുത്താനും ഇപ്പോൾ അവസരമുണ്ട്.

ഇതോടൊപ്പം 24 മണിക്കൂറും സേവനം ഉറപ്പിക്കുകയും ചെയ്യുന്നു കെഎസ്ഇബി. സേവനങ്ങൾ വാതിൽപ്പടിയിൽ എന്ന പുതിയ പദ്ധതിയും കെഎസ്ഇബി നടപ്പാക്കിയിട്ടുണ്ട്. വൈദ്യുത സേവനങ്ങൾക്കായി 1912 എന്ന നമ്പറിൽ വിളിക്കാം. ഓൺലൈൻ സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ കെഎസ്ഇബി ഉപഭോക്താക്കൾക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്



Post a Comment

أحدث أقدم