ബിജെപി കൂടുതല്‍ കരുക്കിലേക്ക്; കൊടകര കുഴല്‍പ്പണക്കേസിൽ ജില്ലാ പ്രസിഡന്റിനെ ചോദ്യം ചെയ്യും

കൊടകര കുഴൽപ്പണക്കേസിൽ ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാറിനെ ഇന്ന് ചോദ്യംചെയ്യും. തൃശൂർ പൊലീസ് ക്ലബ്ബിൽ വെച്ചാണ് ചോദ്യംചെയ്യല്‍. കുഴൽപ്പണവുമായി എത്തിയ സംഘത്തിന് തൃശൂരിൽ താമസിക്കാൻ മുറിയെടുത്ത് നൽകിയത് ബിജെപി ഓഫീസിൽ നിന്നാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പ്രസിഡന്റിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.

ജില്ലാ നേതൃത്വത്തിന്റെ നിർദേശ പ്രകാരമാണ് മുറി എടുത്ത് നൽകിയതെന്നാണ് ഓഫീസ് സെക്രട്ടറി സതീഷ് മൊഴി നൽകിയിരിക്കുന്നത്. നഷ്ടപ്പെട്ട പണവുമായി ബിജെപിക്ക് ബന്ധമുണ്ടോ എന്ന കാര്യമാകും അനീഷിനോട് അന്വേഷണസംഘം ചോദിക്കുക.

കൊടകരയിൽ പണം കവർച്ച ചെയ്ത വാഹനത്തിന്റെ ഉടമയും ആർഎസ്എസ് പ്രവർത്തകനുമായ ധർമരാജനെ ചോദ്യം ചെയ്തതിന് പിന്നാലെ ബിജെപി സംസ്ഥാന നേതാക്കളെ അന്വേഷണം സംഘം വിളിച്ച് വരുത്തിയിരുന്നു. ധർമരാജനുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ധർമരാജനെ അറിയാമെന്നും ഫോൺ വിളിച്ചത് സംഘടനാ ആവശ്യങ്ങൾക്ക് ആണെന്നുമായിരുന്നു ജനറൽ സെക്രട്ടറി എം ഗണേശിന്റെ മറുപടി. ധർമരാജന് തിരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്നില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി. കവര്‍ച്ചയുണ്ടായ ദിവസവും തുടര്‍ദിവസങ്ങളിലും ധര്‍മരാജനെ ഫോണില്‍ ബന്ധപ്പെട്ടവരുടെ പട്ടിക പൊലീസ് തയ്യാറാക്കുന്നുണ്ട്. ഇതിലൂടെ നേതാക്കളുടെ മൊഴികളിലെ വൈരുധ്യം വ്യക്തമാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

കേസില്‍ കഴിഞ്ഞ ദിവസങ്ങളിലായി ബിജെപി നേതാക്കളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.  ബിജെപിക്ക് വേണ്ടിയല്ല പണം കൊണ്ടുവന്നതെന്ന് നേതൃത്വം പറയുമ്പോഴും നേതാക്കള്‍ ഇടപ്പെട്ട് എന്തിനാണ് പണം കൊണ്ടുവന്നവര്‍ക്ക് സൗകര്യം ചെയ്ത് നല്‍കിയതെന്ന ചോദ്യമാണ് ഉയരുന്നത്.


Post a Comment

أحدث أقدم