ധാക്ക: ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിലെ ആറുനില ഫാക്ടറയിൽ വൻതീപ്പിടിത്തം. ചുരുങ്ങിയത് 52 പേരോളം വെന്തുമരിച്ചതായും 50 ഓളം പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. വ്യാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ നര്യാൺ ഗഞ്ജിലെ രുപ്ഗഞ്ചിലുള്ള ശീതളപാനീയ ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. രാസവസ്തുക്കളും പ്ലാസ്റ്റിക് കുപ്പികളും സൂക്ഷിച്ചിരുന്ന താഴത്തെ നിലയിൽ നിന്നാണ് തീ പടർന്നത്. രക്ഷപ്പെടാനായി നിരവധി തൊഴിലാളികൾ കെട്ടിടത്തിൽ നിന്ന് താഴേക്ക് എടുത്ത് ചാടിയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹാഷെം ഫുഡ് ലിമിറ്റഡ് ഫാക്ടറി കെട്ടിടത്തിലെ തീ പതിനെട്ടോളം അഗ്നിശമനസേനാ യൂണിറ്റുകൾ ഏറെ പാടുപ്പെട്ടാണ് അണച്ചതെന്ന് പോലീസ് അറിയിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കും. 44 പേരെ കാണാതായിട്ടുണ്ടെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. തങ്ങളുടെ പ്രിയപ്പെട്ടവരെ തേടി കെട്ടിടത്തിന് മുന്നിൽ ബന്ധുക്കൾ തടിച്ചുകൂടിയിരിക്കുകയാണ്. തീപ്പിടിത്ത സമയത്ത് ഫാക്ടറിയുടെ മുൻവശത്തെ ഗേറ്റും എക്സിറ്റും പൂട്ടികിടക്കുകയായിരുന്നുവെന്ന് രക്ഷപ്പെട്ട തൊഴിലാളികളും ബന്ധുക്കളും ആരോപിച്ചു. ഫാക്ടറിയിൽ ശരിയായ സുരക്ഷാക്രമീകരണങ്ങൾ ഉണ്ടായിരുന്നില്ലെന്നും ആരോപണമുയർന്നു. തീ പൂർണ്ണമായും അണയ്ക്കാൻ കുറച്ച് സമയമെടുക്കുമെന്നു അതിന് ശേഷം മാത്രമേ കൃത്യമായ നാശനഷ്ടം കണക്കാക്കാൻ സാധിക്കൂവെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. സംഭവം പരിശോധിക്കുന്നതിന് അഞ്ചംഗ അന്വേഷണ സമിതിയേയും ജില്ലാ ഭരണകൂടം നിയോഗച്ചിട്ടുണ്ട്.
إرسال تعليق