രണ്ട് ഡോസ് കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചവരില്‍ മരണത്തെ പ്രതിരോധിക്കാനുള്ള കഴിവ് 95 ശതമാനമാണെന്ന് ഐ സി എം ആര്‍ പഠനം

ന്യൂഡൽഹി 

രണ്ട് ഡോസ് കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചവരില്‍ മരണത്തെ പ്രതിരോധിക്കാനുള്ള കഴിവ് 95 ശതമാനമാണെന്ന് ഐ സി എം ആര്‍ പഠനം. ഒരു ഡോസ് സ്വീകരിച്ചവരില്‍ ഇത് 82 ശതമാനമാണ്. അതേസമയം വാക്സിന്‍ സ്വീകരിക്കാത്തവരില്‍ മരണനിരക്ക് ഉയര്‍ന്ന നിലയിലുമാണെന്ന് തമിഴ്നാട്ടിലെ പോലീസുകാരിൽ നടത്തിയ പഠനം തെളിയിക്കുന്നു.

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായിരുന്ന ഫെബ്രുവരി ഒന്ന് മുതല്‍ മെയ് 14 വരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം. തമിഴ്നാട്ടിലെ 1,17,524 പോലീസുകാരില്‍ 32,792 പേര്‍ ആദ്യ ഡോസും 67,673 പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരാണ്. 17,059 പേര്‍ വാക്സിന്റെ ഒരു ഡോസും സ്വീകരിച്ചിട്ടില്ല.

സംസ്ഥാനത്തെ മൊത്തം പോലീസുകാരില്‍ ഈ വര്‍ഷം ഏപ്രില്‍ 13 മുതല്‍ മെയ് 14 വരെയുള്ള കാലയളവില്‍ 31 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ നാല് പേര്‍ രണ്ട് ഡോസ് വാക്സിനും ഏഴ് പേര്‍ ഒരു ഡോസ് വാക്സിനും സ്വീകരിച്ചിരുന്നു. 20 പേര്‍ വാക്സിന്‍ സ്വീകരിച്ചിരുന്നില്ല. 34 മുതല്‍ 58 വരെ പ്രായമുള്ളവരാണ് മരിച്ചത്. ഇതില്‍ 29 പുരുഷന്‍മാരും രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു.

Post a Comment

أحدث أقدم