ജീവനുള്ള ചിത്രങ്ങൾ പകർത്താൻ ഇനി അദ്ദേഹമില്ല; റോയിട്ടേഴ്സ് ഫോട്ടോജേർണലിസ്റ്റ് ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു




ഇന്ത്യൻ ഫോട്ടോജേർണലിസ്റ്റും പുലിറ്റ്സർ പുരസ്കാര ജേതാവുമായ ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു. റോയിട്ടേഴ്സിൻ്റെ ചീഫ് ഫോട്ടോഗ്രാഫർ ആയിരുന്ന ഡാനിഷ് സിദ്ദിഖി കാണ്ഡഹാറിലെ സ്പിൻ ബോൽദാക് ജില്ലയിൽ നിലവിലെ സംഘർഷാവസ്ഥ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്.

കാണ്ഡഹാർ പ്രവിശ്യയിലെ സ്പിൻ ബോൽഡാക് ജില്ലയിലാണ് സിദ്ദിഖിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് അഫ്ഗാൻ മാധ്യമമായ ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു. താലിബാനെതിരെ ഒറ്റയ്ക്ക് പോരാട്ടം നയിച്ച അഫ്ഗാൻ പൊലീസ് ഓഫിസറെ രക്ഷിക്കാൻ ശ്രമിക്കുന്ന അഫ്ഗാൻ പ്രത്യേക സേനയുടെ ദൗത്യത്തെ കുറിച്ച് കഴിഞ്ഞ ദിവസം ഡാനിഷ് റിപ്പോർട്ട് ചെയ്തിരുന്നു. അഫ്ഗാൻ സേനയുടെ വാഹനങ്ങളെ താലിബാൻ റോക്കറ്റുകൾ ലക്ഷ്യം വയ്ക്കുന്നതിന്റെ ഗ്രാഫിക് ചിത്രങ്ങൾ അടങ്ങിയ അദ്ദേഹത്തിന്റെ റിപ്പോർട്ട് മൂന്നു ദിവസം മുൻപാണ് പുറത്തുവന്നത്.


2018-ൽ രോഹ്യംഗൻ അഭയാർത്ഥികളുടെ ദുരിതം ക്യാമറയിൽ പകർത്തിയതിനാണ് ഡാനിഷ് സിദ്ദിഖിയ്ക്ക് പുലിറ്റ്സർ പുരസ്കാരം ലഭിച്ചത്.ഇതുകൂടാതെ 2015ലെ നേപ്പാൾ ഭൂകമ്പം, ഡൽഹിയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം, ഇന്ത്യയിലെ കോവിഡ് ദുരന്തം എന്നിവയുമായി ബന്ധപ്പെട്ട് സിദ്ദിഖ് പകർത്തിയ ചിത്രങ്ങൾ ശ്രദ്ധേയമാണ്.


കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ഡൽഹിയിലെ ശ്മശാനങ്ങളിൽ കൂട്ടത്തോടെ കത്തിക്കുന്ന സിദ്ദിഖിയുടെ ഡ്രോൺ ചിത്രവും അടുത്തിടെ ഏറെ ചർച്ചയായിരുന്നു.


Post a Comment

أحدث أقدم