കയ്‌റോ:
പട്ടിണിമൂലം ലോകത്ത് ഓരോ മിനിറ്റിലും മരിക്കുന്നത് പതിനൊന്നുപേർ. ദാരിദ്ര്യനിർമാർജന സന്നദ്ധസംഘടനയായ ‘ഓക്‌സ്ഫാമാ’ണ് ഇതുസംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. മരിച്ചുവീഴുന്ന പതിനൊന്നിൽ ഏഴുപേരും കോവിഡ് കാരണം ദാരിദ്ര്യമനുഭവിക്കുന്നവരാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മരണം ആറുമടങ്ങാണ് വർധിച്ചത്.ലോകത്താകെ 15 കോടി ജനങ്ങളാണ് കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നത്. മുൻ വർഷങ്ങളെക്കാൾ രണ്ടുകോടി കൂടുതലാണിത്. കോവിഡ്, കാലാവസ്ഥാ വ്യതിയാനം, യുദ്ധക്കെടുതികൾ, ആഭ്യന്തരസംഘർഷങ്ങൾ തുടങ്ങിയവ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ താറുമാറാക്കുന്നത് ദാരിദ്ര്യത്തിന്റെ തോത് കൂട്ടുന്നതായി ഓക്‌സ്ഫാം അമേരിക്കയുടെ പ്രസിഡന്റും സി.ഇ.ഒ.യുമായ ആബി മാക്സ്മാൻ പറഞ്ഞു. കോവിഡ് കാരണം 5,20,000 പേരാണ് പട്ടിണിയിലായത്. കോവിഡ് വ്യാപനം നേരിടുന്ന സമയത്തും രാജ്യങ്ങൾ സൈനികച്ചെലവിനായിമാത്രം മാറ്റിവെച്ചത് 5100 കോടി ഡോളറാണ്. ഐക്യരാഷ്ട്രസഭയുടെ ദാരിദ്ര്യനിർമാർജന പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുകയുടെ ആറിരട്ടിയോളംവരുമിത്. അഫ്ഗാനിസ്താൻ, എത്യോപ്യ, ദക്ഷിണ സുഡാൻ, സിറിയ, യെമെൻ തുടങ്ങിയ രാജ്യങ്ങളിലാണ് പട്ടിണിമരണങ്ങൾ കൂടുതൽ.
إرسال تعليق