കോഴിക്കോട് | മുസ്ലിം ലീഗ് മുഖപത്രമായ ‘ചന്ദ്രിക’യിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുഈനലി തങ്ങളെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ നേരിട്ട് ഏല്‍പിച്ചുവെന്ന് വ്യക്തമാക്കുന്ന കത്ത് പുറത്ത്. ഹൈദരലി തങ്ങള്‍ അദ്ദേഹത്തിന്റെ ലെറ്റര്‍പാഡില്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ കത്താണ് പുറത്തുവന്നിരിക്കുന്നത്. 2021 മാര്‍ച്ച് അഞ്ചിനാണ് മുഈനലിയെ ചന്ദ്രിക വിഷയം പഠിക്കാന്‍ ഹൈദരലി തങ്ങള്‍ ചുമലതപ്പെടുത്തിയത്.
‘ചന്ദ്രികയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുഈനലിയെ നിയോഗിച്ചിട്ടുണ്ട്. സമീറും മാനേജ്‌മെന്റും ആലോചിച്ച് ഒരു മാസം കൊണ്ട് എല്ലാ ബാധ്യതകളും തീര്‍ക്കേണ്ടതാണ്’ എന്നാണ് കത്തിന്റെ ഉള്ളടക്കം.
ചന്ദ്രികയില്‍ നടക്കുന്ന സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച് ജീവനക്കാര്‍ ഹൈദരലി തങ്ങളെ നേരിട്ട് കണ്ട് പരാതി ഉന്നയിച്ചിരുന്നു. സ്ഥാപത്തിലെ ക്രമക്കേടുകളും കെടുകാര്യസ്ഥതയും വിവരിച്ച് വിശദമായ കത്തും ജീവനക്കാര്‍ ഹൈദരലി തങ്ങള്‍ അടക്കമുള്ള നേതാക്കള്‍ക്ക് നല്‍കിയിരുന്നു. കെ യു ഡബ്ല്യൂ ജെ – കെ എന്‍ ഇ എഫ് ചന്ദ്രിക കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് നാല് പേജ് വരുന്ന കത്ത് നേതാക്കള്‍ക്ക് നല്‍കിയത്.
ചന്ദ്രിക ഫിനാന്‍സ് ഡെയറക്ടര്‍ ശമീറിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഈ കത്തിലുള്ളത്. ചന്ദ്രികയുടെ പ്രസ് നവീകരിക്കാന്‍ കെഎംസിസി 4 കോടി രൂപ നല്‍കിയിട്ടും പ്രസ് നവീകരണം നടന്നില്ല, അക്കൗണ്ട് സോഫറ്റ്‌വെയര്‍ സെന്‍ട്രലൈസിംഗിന് 35 ലക്ഷം രൂപ ചെലവഴിച്ചുവെങ്കിലും ഈ സംവിധാനം യാഥാര്‍ഥ്യമായില്ല, ന്യൂസ്പ്രിന്‍്‌റും മഷിയും ടെണ്ടര്‍ വിളിക്കാതെ തോന്നിയ വിലക്ക് വാങ്ങുന്നു, 2013-14 കാലത്ത് ചന്ദ്രികയുടെ ഔദ്യോഗിക കണക്ക് പ്രകാരം നഷ്ടം 85,600 രൂപയില്‍ താഴെയായിരുന്നുവെങ്കില്‍ തൊട്ടടുത്ത വര്‍ഷം ഇത് 3.69 കോടിയായി അഴിമതിയുടെ ഓരോ കണക്കും കത്തില്‍ അക്കമിട്ട് നിരത്തുന്നുണ്ട്.
ചന്ദ്രികയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കെ ടി ജലീല്‍ ആരോപണമുന്നയിച്ചിന് പിന്നാലെ ഇക്കാര്യങ്ങള്‍ വിശദീകരിക്കാന്‍ മുസ്ലിംലീഗ് അഭിഭാഷകന്‍ മുഹമ്മദ് ഷായും മുഈനലി തങ്ങളും ചേര്‍ന്ന് ഇന്നലെ കോഴിക്കോട് ലീഗ് ഹൗസില്‍ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. ഈ വാര്‍ത്താസമ്മേളനത്തില്‍ എല്ലാ പ്രശനങ്ങള്‍ക്കും ഉത്തരവാദി പി കെ കുഞ്ഞാലിക്കുട്ടിയാണെന്നും ഹൈദരലി തങ്ങളുടെ രോഗാവസ്ഥക്ക് കാരണം ചന്ദ്രികയിലെ പ്രശ്‌നങ്ങള്‍ ആണെന്നും മുഈനലി തുറന്നടിച്ചു. ഇതോടെ ഒപ്പമുണ്ടായിരുന്ന അഭിഭാഷകന്‍ അദ്ദേഹത്തിന്റെ സംസാരം തടസ്സപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും മുഈനലി കാര്യങ്ങള്‍ തുറന്നുപറയുന്നത് തുടര്‍ന്നു. ഇതോടെ ലീഗ് ഓഫീസിലുണ്ടായിരുന്ന യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ റാഫി കേട്ടാലറയ്ക്കുന്ന തെറിയഭിഷേകങ്ങളുമായി മുഈനലി തങ്ങളെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതൊടെ വാര്‍ത്താസമ്മേളനം തടസ്സപ്പെടുകയും ചെയ്തു.
മുഈനലിക്ക് ചന്ദ്രിക വിഷയത്തില്‍ ഒരു ഉത്തരവാദിത്തവും ഇല്ലെന്നും ആരും ഉത്തരവാദിത്തം ഏല്‍പിക്കാതെയാണ് മുഈനലി തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത് എന്നുമാണ് ലീഗ് നേതൃത്വം വിശദീകരിച്ചത്. എന്നാല്‍ ഹൈദരലി തങ്ങളുടെ കത്ത് പുറത്തുവന്നതോടെ ഈ വിശദീകരണം തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
إرسال تعليق